ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രി രാജി വച്ചു. അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയിലെ സാമൂഹ്യക്ഷേമമന്ത്രി രാജ്‌കുമാര്‍ ആനന്ദാണ് രാജി വച്ചത്. ആം ആദ്‌മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും ഇദ്ദേഹം രാജി വച്ചിട്ടുണ്ട്.
പാര്‍ട്ടി അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു.
ദളിതുകള്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് തന്‍റെ രാജി പ്രഖ്യാപിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാജ്‌കുമാര്‍ ആനന്ദ് ആരോപിച്ചു. ആം ആദ്‌മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ദളിതുകളാരും തന്നെ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദളിത് എംഎല്‍എമാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും അര്‍ഹമായ ആദരവ് ലഭിക്കുന്നില്ല. പട്ടേല്‍ നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള സമാജികനാണ് ആനന്ദ്.
നമുക്ക് പതിമൂന്ന് രാജ്യസഭാംഗങ്ങളുണ്ട്. അവരില്‍ ദളിതരോ വനിതകളോ പിന്നാക്കക്കാരോ ഇല്ല. ഇത്തരം സാഹചര്യത്തില്‍ അവരെ വഞ്ചിച്ചതായി അവര്‍ക്ക് തോന്നും. ഇതെല്ലാം കാരണം തനിക്ക് ഇനി ഈ പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോ. ബി ആര്‍ അംബേദ്ക്കര്‍ കാരണമാണ് താന്‍ രാഷ്‌ട്രീയത്തിലേക്ക് എത്തിയത്. എന്നാല്‍ ദളിതുകള്‍ക്ക് പ്രാതിനിധ്യമില്ലാത്തൊരു പാര്‍ട്ടിയില്‍ താന്‍ തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതിക്കെതിരെ പോരാടാനായി ഉണ്ടാക്കിയ പാര്‍ട്ടിയാണ് ആം ആദ്‌മി പാര്‍ട്ടി. എന്നാല്‍ ഇന്ന് ഈ പാര്‍ട്ടി തന്നെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. അത് കൊണ്ട് തന്നെ തനിക്കിനിയും ഈ പാര്‍ട്ടിയുടെ മന്ത്രിയായി തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഈ അഴിമതികളുമായി തന്‍റെ പേര് ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ പാര്‍ട്ടി വിടുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇഡി, സിബിഐ തുടങ്ങിയവയെ ഉപയോഗിച്ച് ബിജെപി തങ്ങളുടെ മന്ത്രിമാരെയും എംഎല്‍എമാരെയും ഭിന്നിപ്പിക്കുകയാണെന്നും ഇത് തങ്ങളുടെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒരു പരീക്ഷണഘട്ടമാണെന്നും അടുത്തിടെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന രാജ്യസഭാംഗം സഞ്ജയ് സിങ് പ്രതികരിച്ചു.
എഎപിയെ തീര്‍ക്കാനാണ് കെജ്‌രിവാളിന്‍റെ അറസ്റ്റെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞതാണ്. ആനന്ദ് നേരത്തെ ബിജെപിയെ അഴിമതിക്കാരെന്ന് വിളിച്ചിരുന്നു. എന്നാല്‍ ഇനി ആ പാര്‍ട്ടിയിലേക്ക് ചേക്കേറാനാകും അദ്ദേഹം പോകുന്നതെന്നും സിങ് പറഞ്ഞു.
അതേസമയം എഎപിയുടെ അന്ത്യമെന്നാണ് വിഷയത്തില്‍ ബിജെപി പ്രതികരിച്ചിരിക്കുന്നത്. 2011-ല്‍ അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി ജനതയെ വഴിതെറ്റിക്കാന്‍ തുടങ്ങിയ ശ്രമത്തിനാണ് അന്ത്യമാവുന്നതെന്നാണ് ബിജെപി പ്രതികരണം.
Also Read:ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: ഹൈക്കോടതി വിധിക്കെതിരെയുള്ള കെജ്‌രിവാളിന്‍റെ ഹര്‍ജി പരിശോധിക്കാമെന്ന് സുപ്രീം കോടതി - Kejriwal Plea Against HC Order