ലുധിയാന: കർഷക സംഘടനകളുടെ ഡൽഹി ചലോ (Delhi Chalo) മാർച്ച് സംഘർഷഭരിതമായതിന് പിന്നാലെ പഞ്ചാബിലെ റെയിൽപാളങ്ങളിൽ കുത്തിയിരിപ്പ് സമരം നടത്തി കർഷകർ. തുടർന്ന് അമൃത്‌സർ റൂട്ടിലെ ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടു (Trains diverted). പഞ്ചാബ്-ഹരിയാന അതിർത്തിയിൽ മുന്നോട്ട് നീങ്ങാൻ ശ്രമിച്ച കർഷകർക്ക് നേരെ ഹരിയാന പൊലീസ് വീണ്ടും കണ്ണീർവാതകം പ്രയോഗിച്ച നടപടിയിൽ പ്രതിഷേധിച്ച് ട്രെയിൻ തടഞ്ഞ് സമരം നടത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹാൻ വിഭാഗം അറിയിച്ചിരുന്നു.
ഭാരതീയ കിസാൻ യൂണിയനും (Bhartiya Kisan Union) ബികെയു ദാകുന്ദയും (BKU Dakunda) പഞ്ചാബിൽ പലയിടത്തും നാല് മണിക്കൂർ 'റെയിൽ റോക്കോ' പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് കർഷകർ പലയിടത്തും റെയിൽവേ ട്രാക്കിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. വൈകിട്ട് നാല് മണി വരെ പ്രതിഷേധം തുടരുമെന്നാണ് ഭാരതീയ കിസാൻ യൂണിയൻ (Bhartiya Kisan Union) അറിയിച്ചത്.
ഡൽഹി-അമൃത്സർ റൂട്ടിൽ (Delhi-Amritsar) പലയിടത്തും കർഷകർ ട്രാക്കിൽ ഇരിക്കുന്നതിനാൽ റെയിൽവേ അധികൃതർ ട്രെയിനുകളുടെ റൂട്ടുകൾ ചണ്ഡീഗഡ് (ഡൽഹി ഭാഗത്തേക്ക്), ലോഹിയാൻ ഖാസ് (അമൃത്സർ, ജലന്ധർ) ഭാഗങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു. ഡൽഹിയിൽ നിന്ന് വരുന്ന ശതാബ്‌ദി, ഷാൻ-ഇ-പഞ്ചാബ് എക്‌സ്പ്രസ് ട്രെയിനുകൾ ലുധിയാന റെയിൽവേ സ്റ്റേഷനിൽ (Ludhiana Railway Station) വച്ച് യാത്ര അവസാനിപ്പിച്ചതായി ഇന്ത്യൻ റെയിൽവേ വക്താവ് പറഞ്ഞു.