കേരളം

kerala

ETV Bharat / bharat

യുവ കർഷകന്‍റെ മരണം; നീതി ലഭിക്കുന്നതുവരെ മൃതദേഹം ദഹിപ്പിക്കില്ല, 29 വരെ അതിർത്തിയിൽ തുടരുമെന്നും കർഷകർ - യുവ കർഷകൻ മരണം

യുവ കർഷകന്‍റെ ഘാതകർക്കെതിരെ കേസെടുക്കണമെന്നും കുടുംബത്തിന് ഒരു കോടി നഷ്‌ടപരിഹാരം നൽകണമെന്നും കർഷക സംഘടനകൾ.

Delhi Chalo march  Farmer protest  death of youth farmer  യുവ കർഷകൻ മരണം  കർഷക സമരം ഡൽഹി ചലോ
Delhi Chalo march

By ANI

Published : Feb 24, 2024, 9:30 AM IST

ന്യൂഡൽഹി : യുവ കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ. യുവാവിന് നീതി ലഭിക്കുന്നതുവരെ മൃതദേഹം ദഹിപ്പിക്കില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. ഹരിയാന പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കർഷകർക്ക് നേരെ വെടിയുതിർത്ത ഹരിയാന പൊലീസിനും അർധസൈനിക വിഭാഗത്തിനുമെതിരെ പരാതി നൽകണമെന്നും കർഷക നേതാവ് സർവാൻ സിങ് പന്ദേർ പറഞ്ഞു.

മരിച്ച ശുഭ്‌കരൻ സിങ്ങിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. സമരത്തിനിടെ മരിച്ച കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കർഷക മാർച്ച് പുനരാരംഭിക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം 29 വരെ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ തുടരുമെന്നും കർഷകർ അറിയിച്ചു. ഖനൗരി അതിർത്തിയിലെ പ്രതിഷേധത്തിനിടെയാണ് കഴുത്തിന് പിന്നിൽ വെടിയേറ്റ് യുവ കർഷകൻ കൊല്ലപ്പെട്ടത്. ബട്ടിൻഡയിലെ ബെല്ലോയിൽ നിന്നുള്ള യുവ കർഷകൻ ശുഭകരൻ സിങ്ങാണ് (21) മരിച്ചത്. കർഷകന്‍റെ മരണത്തിൽ ഇന്നലെ (ഫെബ്രുവരി 23) കരിദിനമായി ആചരിച്ചിരുന്നു. സംയുക്‌ത കിസാൻ മോർച്ചയാണ് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്‌തത്.

കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ മറ്റൊരു കർഷകനും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 62കാരനായ ദർശൻ സിംഗാണ് മരിച്ചത്. ഇതോടെ ഖനൗരി അതിർത്തിയിൽ നടക്കുന്ന ഡൽഹി ചലോ മാർച്ചിനിടെ മരിച്ചവരുടെ എണ്ണം നാല് ആയതായി സർവാൻ സിങ് പന്ദേർ അറിയിച്ചു.

വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കുക, സ്വാമിനാഥന്‍ കമ്മിഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കുക, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ സമരത്തിനിറങ്ങിയത്.

ABOUT THE AUTHOR

...view details