കോട്ട (രാജസ്ഥാൻ) :കോട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഓം ബിർളയുടെ വ്യാജ വീഡിയോ സൃഷ്‌ടിക്കുകയും അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തതിന് രണ്ട് കോൺഗ്രസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. ബിജെപി ജില്ല പ്രസിഡന്‍റ് രാകേഷ് കുമാർ ജെയിൻ രണ്ട് യുവാക്കൾക്കെതിരെ ശനിയാഴ്‌ച (ഏപ്രിൽ 13) കിഷോർപുര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. യുവാക്കൾ അനിയന്ത്രിതമായ പോസ്‌റ്റുകൾ ഇടുകയും സിറ്റിങ് എംപിയായ ഓം ബിർളയെ അപകീർത്തിപ്പെടുത്തുന്ന ഡീപ്‌ഫേക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്‌തതായി പരാതിയിൽ ആരോപിച്ചു.
രാകേഷ് കുമാർ ജെയിനിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നീട് ശനിയാഴ്‌ച രാത്രി രണ്ട് യുവാക്കളെയും അറസ്‌റ്റ് ചെയ്യുകയും ഇരുവരും കോൺഗ്രസ് പ്രവർത്തകരാണെന്ന് തിരിച്ചറിയുകയും ചെയ്‌തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നൗഷാദ് അലിയും രംഗ്‌രേസ് ആശവ് ശർമ്മയും ബിർളയെക്കുറിച്ച് വ്യാജ വീഡിയോ സൃഷ്‌ടിച്ച് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്‌തതായി ഏപ്രിൽ 13 ന് ബിജെപി ജില്ല പ്രസിഡന്‍റ് പരാതിപ്പെട്ടിരുന്നതായി കോട്ട സിറ്റി എസ്‌പി ഡോ. അമൃത ദുഹാൻ പറഞ്ഞു. ഓം ബിർളയെ കുറിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ അപ്‌ലോഡ് ചെയ്‌ത് അദ്ദേഹത്തിന്‍റെ പ്രശസ്‌തിക്ക് കളങ്കം വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ദുഹാൻ പറഞ്ഞു.