ജമ്മു (ജമ്മു കശ്‌മീർ) : ജമ്മു കശ്‌മീരിലെ അഖ്‌നൂർ മേഖലയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 21 ആയി. ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്ന് ശിവ്ഖോരി, പൂനി ഭാഗത്തേക്ക് ഭക്തരെ കയറ്റി വരികയായിരുന്ന ബസ്സാണ് ജമ്മു-പൂഞ്ച് ഹൈവേയിൽ ചൗക്കി ചൗരയിലെ തുംഗി മോറിന് സമീപം മലയിടുക്കിലുള്ള തോട്ടിലേക്ക് മറിഞ്ഞത്.
80 പേരോളം ഉണ്ടായിരുന്ന വാഹനത്തില്‍ 54 പേർ പരിക്കേറ്റ് ചികിത്സയിലാണ്. മൃതദേഹങ്ങൾ എസ്‌ഡിഎച്ച് അഖ്‌നൂറിലേക്ക് മാറ്റി. കൊടും വളവ് തിരിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് അമിത വേഗതയിൽ എത്തിയ കാർ കാരണമാണ് അപകടമണ്ടായതെന്ന് പരിക്കേറ്റ യാത്രക്കാർ പറഞ്ഞു.
അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവര്‍ക്ക് ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ (എൽജി) മനോജ് സിൻഹ അനുശോചനം രേഖപ്പെടുത്തി. 'അഖ്‌നൂരിലെ ബസ് അപകടം ഹൃദയഭേദകമാണ്. ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബങ്ങൾക്ക് നികത്താനാവാത്ത നഷ്‌ടം താങ്ങാനുള്ള ശക്തി നൽകണമെന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.'- സിൻഹ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരിക്കേറ്റ കുടുംബങ്ങൾക്ക് ഭരണകൂടം സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെനന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈസ് പ്രസിഡൻ്റ് ജഗ്‌ദീപ് ധന്‍കറും അനുശോചനം രേഖപ്പെടുത്തി. 'ജമ്മു കശ്‌മീരിലെ അഖ്‌നൂർ മേഖലയിലുണ്ടായ ദാരുണമായ ബസ് അപകടത്തെക്കുറിച്ച് അറിഞ്ഞതിൽ അഗാധമായ ദുഃഖമുണ്ട്. ദുഃഖിതരായ കുടുംബങ്ങൾക്ക് എൻ്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു'- വൈസ് പ്രസിഡൻ്റ് ധന്‍കർ എക്‌സില്‍ കുറിച്ചു.
Also Read :ബസും ബൈക്കും കൂട്ടിയിടിച്ചു: പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം - WESTHILL BUS BIKE ACCIDENT DEATH