ഇൻഡോർ:ഹോളി ആഘോഷത്തിനിടെ ദളിത് സ്‌ത്രീയെ മർദിച്ച് അവശയാക്കി റോഡിലൂടെ നഗ്നയാക്കി നടത്തിച്ചു. പീഡനത്തിന് ഇരയായ സ്‌ത്രീയുടെ അതേ സമുദായത്തിൽപ്പെട്ട സ്‌ത്രീകളാണ് ക്രൂരകൃത്യം നടത്തയത്. ഇൻഡോറിലെ ഗൗതംപുരയിലാണ് ദാരുണമായ സംഭവം. അതിക്രമത്തിന്‍റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പ്രതികളായ നാല് സ്‌ത്രീകൾക്കെതിരെ കേസെടുത്തതായി ഗൗതംപുര പൊലീസ് അറിയിച്ചു.
സംഭവം നടന്നയുടൻ തന്നെ സ്‌ത്രീകളെ അറസ്‌റ്റ് ചെയ്‌തതായി അഡീഷണൽ എസിപി രൂപേഷ് ദ്വിവേദി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗൗതംപുര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബച്ചോറ ഗ്രാമത്തിൽ വെച്ച് തിങ്കളാഴ്‌ച നാല് സ്‌ത്രീകൾ ചേര്‍ന്ന് ഇരയായ സ്‌ത്രീയെ ബലമായി വീട്ടിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും പൊതുസ്ഥലത്ത് നഗ്നയാക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്ന് പൊലീസ് സൂപ്രണ്ട് സുനിൽ മേത്ത പറഞ്ഞു.