ഭുവനേശ്വര്‍: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 'ദന' ചുഴലിക്കാറ്റായി മാറി. വെള്ളിയാഴ്‌ചയോടെ (ഒക്ടോബർ 25) മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വീശുന്ന ശക്തമായ ചുഴലിക്കാറ്റായി 'ദന' മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ കിഴക്കൻ തീരം കടക്കുന്നതിന് മുമ്പ് ഇത് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ഇന്നലെ കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദം കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ, മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ദന ചുഴലിക്കാറ്റായി മാറിക്കഴിഞ്ഞു. പാരദീപിൽ നിന്ന് (ഒഡീഷ) ഏകദേശം 560 കിലോമീറ്റർ തെക്കു-കിഴക്കായും സാഗർ ദ്വീപിന് (പശ്ചിമ ബംഗാൾ) 630 കിലോമീറ്റർ തെക്ക്-കിഴക്കായും ഒക്‌ടോബർ 24 രാവിലെ 5.30 വരെ നിലനിൽക്കും. അതിന് ശേഷം ദന വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന്' കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒഡീഷയിൽ ജാഗ്രത
മുന്നറിയിപ്പിനെ തുടർന്ന് ഒഡീഷയിൽ നിന്നും പത്ത് ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചു. ദുരന്തസാധ്യതയുള്ള ആറ് ജില്ലകളിൽ നിന്നാണ് 10 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുന്നത്. വൈകിട്ടോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്ത സാധ്യത കൂടുതലുള്ള ബാലേശ്വർ, ഭദ്രക്, പുരി, ജഗത്സിംഗ്‌പൂർ, കേന്ദ്രപാര, മയൂർഭഞ്ച് എന്നീ ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ആറ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.