ഭുവനേശ്വര്‍: ദന ചുഴലിക്കാറ്റ് ബുധനാഴ്‌ചയ്ക്കും വ്യാഴാഴ്‌ചയ്ക്കുമിടയില്‍ ഒഡിഷക്കും പശ്ചിമബംഗാളിനുമിടയില്‍ കരതൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മധ്യ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറന്‍ മേഖലകളിലൂടെ കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്നതോടെ തീവ്രമാകുമെന്നാണ് വിലയിരുത്തല്‍.
പുരി, ഖുര്‍ദ, ഗഞ്ജാം, ജഗദ് സിങ് പൂര്‍ തുടങ്ങിയ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ കാറ്റ് നൂറ് മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗമാര്‍ജ്ജിക്കാം. ഒക്‌ടോബര്‍ 23 മുതല്‍ 27 വരെ അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്.
കടല്‍ പ്രക്ഷുബ്‌ധമായേക്കാം. 23ന് ഒഡിഷയില്‍ ആരംഭിക്കുന്ന മഴ 24നും 25നും അതി തീവ്രമാകാനും സാധ്യതയുണ്ട്. ഇരുപത് മുതല്‍ മുപ്പത് വരെ സെന്‍റിമീറ്റര്‍ മഴയ്ക്കാണ് സാധ്യതയുള്ളത്. തീരജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിക്കുക. എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി ജനറല്‍ മൃത്യജ്ഞയ മൊഹപാത്ര പറഞ്ഞു. മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാലാവസ്ഥാ മുന്നറിയിപ്പ്
ഒക്‌ടോബർ 22 ന് രാവിലെയോടെ ചുഴലിക്കാറ്റ് ഒരു ന്യൂനമർദത്തിലേക്ക് രൂപാന്തരം പ്രാപിക്കും. ഒക്‌ടോബർ 23ഓടെ ചുഴലിക്കാറ്റായി മാറുമെന്നും പ്രവചിക്കപ്പെടുന്നു. തുടർന്ന് ഇത് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയും ഒഡീഷ-പശ്ചിമ ബംഗാൾ അതിർത്തിക്ക് സമീപം കര തൊടുകയും ചെയ്യും.
ഒക്‌ടോബർ 24-25 തീയതികളിൽ ചുഴലിക്കാറ്റ് അതിശക്തമായ മഴയ്ക്ക് കാരണമാകും. പ്രത്യേകിച്ച് പുരി, ഖുർദ, ഗഞ്ചം, ജഗത്സിംഗ്പൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അയൽ ജില്ലകളായ കേന്ദ്രപദ, കട്ടക്ക്, നയാഗഢ്, കാണ്ഡമാൽ, ഗജപതി എന്നീ ജില്ലകളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ ബാലസോർ, ഭദ്രക്, മയൂർഭഞ്ച്, കിയോഞ്ജർ, മൽക്കൻഗിരി തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത, നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ട്, ദൂരക്കാഴ്‌ച കുറയുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകുന്നു.
സർക്കാർ തയ്യാറെടുപ്പ്
ഐഎംഡിയുടെ പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒഡീഷ സർക്കാർ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി മനോജ് അഹൂജ കഴിഞ്ഞ ദിവസം ജില്ലാ കലക്‌ടർമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം നടത്തി. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അതീവ ജാഗ്രതയിൽ തുടരാൻ അഭ്യർഥിച്ചു.
ദുരിതബാധിതരെ മാറ്റി പാര്‍പ്പിക്കാനുള്ള താത്ക്കാലിക ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ബാധിത ജില്ലകളിലെ കൺട്രോൾ റൂമുകൾ 24/7 പ്രവർത്തിക്കും. ക്യാമ്പുകളിൽ മതിയായ കുടിവെള്ള വിതരണവും ലൈറ്റിംഗ് ക്രമീകരണവും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഗർഭിണികളെ മുൻകരുതൽ എന്ന നിലയിൽ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഉരുൾപൊട്ടലിനും വെള്ളക്കെട്ടിനും സാധ്യതയുള്ള സ്ഥലങ്ങളിൽ ചലനം ഒഴിവാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ഒഡിആർഎഫ്), ഫയർ സർവീസസ്, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്) ടീമുകൾ ഉടനടി വിന്യസിക്കാൻ സജ്ജമാണെന്ന് സ്പെഷ്യൽ റിലീഫ് കമ്മീഷണർ ദേവരഞ്ജൻ കുമാർ സിംഗ് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.