ഹൈദരാബാദ്:ആർക്കിടെക്‌ടായ യുവതിയെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്തു. സൈബരാബാദ് കമ്മീഷണറേറ്റിൽ താമസിക്കുന്ന യുവതിയാണ് സൈബർ തട്ടിപ്പിനിരയായത്. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയിൽ നിന്നും പണം തട്ടിയത്. എന്നാൽ യുവതിയുടെ പരാതിയിൽ കൃത്യമായി ഇടപെട്ട പൊലീസ് പ്രതി പണം പിൻവലിക്കുന്നത് തടഞ്ഞു.
ഈ മാസം 15നാണ് യുവതിക്ക് അജ്ഞാതനിൽ നിന്ന് ഫോൺകോൾ ലഭിച്ചത്. താൻ മഹാരാഷ്‌ട്ര പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ യുവതി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ഇതോടെ പരിഭ്രാന്തയായ യുവതി തന്നെ രക്ഷിക്കണമെന്ന് ഇയാളോട് ആവശ്യപ്പെട്ടു. പിന്നാലെ സ്‌കൈപ്പിൽ യുവതിയെ വീഡിയോ കോൾ ചെയ്‌ത ഇയാൾ 60 ലക്ഷം രൂപ നൽകിയാൽ രക്ഷിക്കാമെന്ന് വാക്ക് നൽകി. രാത്രി മുതൽ രാവിലെ വരെ തുടർച്ചയായി വീഡിയോ കോൾ ചെയ്‌ത ഇയാൾ രാവിലെ തന്നെ യുവതിയോട് ബാങ്കിലേക്ക് പോകാൻ ആവശ്യപ്പെടുകയും വിവിധ അക്കൗണ്ടുകളിലേക്കായി 60 ലക്ഷം രൂപ നിക്ഷേപിക്കാനും നിർദേശിച്ചു. ഈ സമയമത്രയും പ്രതി വീഡിയോ കോൾ തുടർന്നു.
പണം അയച്ചതോടെ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ യുവതി ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. യുവതിയുടെ പരാതിയിൽ വേഗത്തിൽ നടപടിയെടുത്ത സ്റ്റേറ്റ് സൈബർ സെക്യൂരിറ്റി ബ്യൂറോ (ടിഎസ്‌എസ്‌ബി) പൊലീസ് പ്രതി പണം പിൻവലിക്കുന്നത് തടഞ്ഞു. സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്‌മെൻ്റ് സിസ്റ്റത്തിൽ (സിഎഫ്എഫ്ആർഎംഎസ്) ഓൺലൈൻ ഇടപാടുകളുടെ വിശദാംശങ്ങൾ അലർട്ട് സിഎസ്ബി ടീം രേഖപ്പെടുത്തി.