ഹൈദരാബാദ് : കൊറിയറിന്‍റെ പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമം. പൊലീസിന്‍റെ അടിയന്തര ഇടപെടലില്‍ തിരിച്ചു കിട്ടിയത് 83 ലക്ഷം രൂപ. ഒരാഴ്‌ച മുൻപാണ് ഹൈദരാബാദിലെ വ്യവസായിക്ക് കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി ഒരു ഫോൺ കോള്‍ വന്നത്.
ഫെഡ് എക്‌സ് കൊറിയര്‍ വഴി തന്‍റെ പേരില്‍ ഒരു പാഴ്‌സല്‍ എത്തിയിട്ടുണ്ടെന്നും അതില്‍ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞാണ് ഫോണ്‍ വന്നത്. മാത്രമല്ല കേസെടുത്താല്‍ വ്യവസായി ജയിലില്‍ പോകുമെന്നും സൈബർ ക്രിമിനല്‍ സംഘം ഭീഷണിപ്പെടുത്തി. അവര്‍ പറയുന്ന അക്കൗണ്ടില്‍ ഒരു കോടി രൂപ നിക്ഷേപിച്ചാൽ കേസുണ്ടാകില്ലെന്നും സൈബർ സംഘം വ്യവസായിയെ അറിയിച്ചു.
98 ലക്ഷം രൂപ അവര്‍ പറഞ്ഞ അക്കൗണ്ടില്‍ അദ്ദേഹം നിക്ഷേപിച്ചു. ജമ്മു കശ്‌മീരിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് വ്യവസായി പണം അയച്ചത്. പക്ഷേ സംശയം തോന്നിയ വ്യവസായി 1930 എന്ന നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടു. കേസില്‍ അടിയന്തരമായി ഇടപെട്ട പൊലീസ് സംഘം പണം നിക്ഷേപിച്ച ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടു. കശ്‌മീരിലെ ബാരാമുള്ളയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ (PNB) ജുജു എന്ന ആളുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത് എന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
പിഎൻബിയിൽ അന്വേഷിച്ചപ്പോൾ അഞ്ച് സംസ്ഥാനങ്ങളിലെ ബാങ്കുകളിലേക്ക് പണം മാറ്റിയതായി കണ്ടെത്തി. വീണ്ടും ആറ് അക്കൗണ്ടിലേക്ക് ക്രിമിനലുകൾ പണം മാറ്റിയതായും കണ്ടെത്തി. എല്ലാ ബാങ്കുകളിലേക്കും വിളിച്ച ഉദ്യോഗസ്ഥർ തട്ടിപ്പിനെക്കുറിച്ച് വിശദീകരിച്ചു. സൈബർ ക്രിമിനലുകൾക്കെതിരെ കേസെടുത്തെന്നും ആദ്യം പണം പിൻവലിക്കുന്നത് തടയണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
എന്നാൽ പ്രതികൾ 15 ലക്ഷം രൂപ ആദ്യം തന്നെ പിൻവലിച്ചിരുന്നു, അതിനാൽ ബാങ്ക് അധികൃതർക്ക് ബാക്കി 83 ലക്ഷം രൂപ മാത്രമേ തടഞ്ഞുവയ്ക്കാൻ കഴിഞ്ഞുള്ളൂ. കേസില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.