കേരളം

kerala

ETV Bharat / bharat

പാചകക്കാർക്കും വാട്ടർ കാരിയർമാർക്കും പ്രമോഷൻ ; സിആർപിഎഫിൻ്റെ 85 വർഷത്തെ ചരിത്രത്തിൽ ഇതാദ്യം - CRPF Cooks water carriers promoted - CRPF COOKS WATER CARRIERS PROMOTED

സേനയുടെ ഏറ്റവും താഴ്‌ന്ന ശ്രേണിയിൽ റിക്രൂട്ട് ചെയ്യപ്പെട്ട ഈ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് ആദ്യമായാണ്

പാചകക്കാർക്കും വാട്ടർ കാരിയർമാർക്കും പ്രൊമോഷൻ  സിആർപിഎഫ്  CRPF PROMOTED 2600 COOKS AND WATER CARRIERS  CENTRAL RESERVE POLICE FORCE
Representational Image (Getty Images)

By PTI

Published : Jun 6, 2024, 12:47 PM IST

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ അർധസൈനിക വിഭാഗമായ സിആർപിഎഫിന്‍റെ 85 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാചകക്കാർക്കും വാട്ടർ കാരിയർമാർക്കും പ്രമോഷൻ. കോൺസ്റ്റബുലറിയുടെ ഏറ്റവും താഴ്‌ന്ന ശ്രേണിയിലുള്ള ഇവരിൽ 2,600 പേർക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

1939ൽ, ബ്രിട്ടീഷ് ഭരണകാലത്ത് രൂപീകരിച്ച റിസർവ് പൊലീസ് ഫോഴ്‌സ് (CRPF) സേനയിൽ സ്‌ത്രീകളും പുരുഷന്മാരുമടക്കം ഏകദേശം 3.25 ലക്ഷം ഉദ്യോഗസ്ഥരാണുള്ളത്. ഇവർക്കായി അടുക്കളകൾ, കാൻ്റീനുകൾ എന്നിവയുടെ വിപുലമായ ശൃംഖല കൈകാര്യം ചെയ്യുന്നതിന് രണ്ട് പ്രത്യേക കേഡറുകളിലായി മൊത്തം 12,250 ഉദ്യോഗസ്ഥരുമുണ്ട്.

അതേസമയം ബുധനാഴ്‌ചയാണ് (ജൂൺ 05) നിർണായക ഉത്തരവിലൂടെ 1,700 പാചകക്കാർക്കും 900 വാട്ടർ കാരിയർ ജീവനക്കാർക്കും കോൺസ്റ്റബിൾ പദവിയിൽ നിന്ന് ഹെഡ് കോൺസ്റ്റബിളിൻ്റെ അടുത്ത റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയത്. സിആർപിഎഫിൻ്റെ 85 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.

1939-ൽ രൂപീകരിച്ചതുമുതൽ ഇവർ സേനയുടെ ഭാഗമാണ്. 2016-ൽ ഏഴാം ശമ്പള കമ്മിഷൻ ശുപാർശകൾ കേന്ദ്രസർക്കാർ നടപ്പാക്കിയപ്പോഴാണ് ഇവർക്ക് പാചകക്കാരുടെയും വാട്ടർ കാരിയറുമാരുടെയും പ്രത്യേക കേഡർ നാമം നൽകിയത്. സേനയുടെ ഏറ്റവും താഴ്‌ന്ന ശ്രേണിയിൽ റിക്രൂട്ട് ചെയ്യപ്പെട്ട ഈ ഉദ്യോഗസ്ഥർക്ക് ഒരിക്കലും സ്ഥാനക്കയറ്റം നൽകിയിരുന്നില്ലെന്ന് സെൻട്രൽ ആമ്ഡ്‌ പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) ഉദ്യോഗസ്ഥൻ പറഞ്ഞു. ശരാശരി 30-35 വർഷം സേവനമനുഷ്‌ഠിച്ചതിന് ശേഷവും റിക്രൂട്ട് ചെയ്‌ത അതേ റാങ്കിൽ തന്നെയാണ് ഇവർ വിരമിക്കാറെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പാചകക്കാരും വാട്ടർ കാരിയർ ഉദ്യോഗസ്ഥരും ഏത് സേനയുടെയും പ്രവർത്തനത്തിൻ്റെ പ്രധാന ഭാഗമാണെന്നും അവർ സൈനികരെ പോഷിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും സിഎപിഎഫ് ഓഫിസർ പറഞ്ഞു. ഓരോ സിആർപിഎഫ് ബറ്റാലിയനിലും ഇത്തരത്തിൽ 45 ഉദ്യോഗസ്ഥരുണ്ട്. ഈ ഉദ്യോഗസ്ഥരുടെ അഭിലാഷങ്ങൾ പരിപാലിക്കപ്പെടുന്നുവെന്നും മറ്റ് കേഡർ ഉദ്യോഗസ്ഥരെപ്പോലെ അവർക്ക് സ്ഥാനക്കയറ്റം നൽകുന്നുവെന്നും ഉറപ്പാക്കാൻ സിആർപിഎഫ് തയ്യാറാക്കുകയും പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയും ചെയ്‌ത നിർദേശത്തിൻ്റെ ഫലമായാണ് ഈ സുപ്രധാന നീക്കം ഉണ്ടായതെന്നും സിഎപിഎഫ് ഓഫിസർ വ്യക്തമാക്കി.

ഏറ്റവും പുതിയ ഉത്തരവിൻ്റെ ഭാഗമായി സ്ഥാനക്കയറ്റം ലഭിച്ച 2,600 പേർ 1983നും 2004നും ഇടയിൽ റിക്രൂട്ട് ചെയ്യപ്പെട്ടവരാണെന്നും ബാക്കിയുള്ളവർക്ക് യഥാസമയം സ്ഥാനക്കയറ്റം നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തിൻ്റെ പ്രധാന ആഭ്യന്തര സുരക്ഷാസേനയായി നിയോഗിക്കപ്പെട്ട സിആർപിഎഫിനെ ഇടതുപക്ഷ തീവ്രവാദ വിരുദ്ധ (എൽഡബ്ല്യുഇ) പോരാട്ടം, ജമ്മു കശ്‌മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, വടക്കുകിഴക്കൻ മേഖലയിലെ കലാപ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിങ്ങനെ മൂന്ന് നിർണായക ഏരിയകളിലാണ് പ്രാഥമികമായി വിന്യസിച്ചിരിക്കുന്നത്. മറ്റൊരു സിഎപിഎഫായ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി) കുക്ക്, വാട്ടർ കാരിയർ, ബാർബർ, വാഷർമാൻ, സ്വീപ്പർ എന്നീ നിലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സമാനമായ പ്രമോഷൻ കഴിഞ്ഞ വർഷം നൽകിയിരുന്നു.

ALSO READ:ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ സാനിയ മിർസ; ഷാരൂഖിൻ്റെ ആഗ്രഹത്തെക്കുറിച്ച് സാനിയ മിർസയുടെ പ്രതികരണം ഇങ്ങനെ

ABOUT THE AUTHOR

...view details