ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കാനൊരുങ്ങി സിപിഎം. വ്യാഴാഴ്‌ച പ്രകടന പത്രിക പുറത്ത് വിടുമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായാണ് പ്രകടന പത്രിക തയാറാക്കിയിട്ടുള്ളത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണം, തൊഴിലില്ലായ്‌മ, ഇന്ത്യന്‍ ഭരണഘടനയുടെ മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ഉറപ്പ് നല്‍കല്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിയാണ് പ്രകടന പത്രിക തയാറാക്കിയിട്ടുള്ളത്.
ആവിഷ്ക്കാര സ്വാതന്ത്ര്യം അടക്കമുള്ള ഭരണഘടനാവകാശങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം, സാമൂഹ മാധ്യമങ്ങളിലെ വിമര്‍ശകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വിമര്‍ശകരെ ദേശവിരുദ്ധരായി ചിത്രീകരിക്കല്‍ തുടങ്ങിയവയും പ്രകടന പത്രികയില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ജനാധിപത്യത്തിലെ ഭിന്ന സ്വരങ്ങളെ കുറ്റകൃത്യമാക്കല്‍, ദളിത് പീഢനം എന്നീ വിഷയങ്ങളും പ്രകടന പത്രികയില്‍ എടുത്ത് കാട്ടുന്നുണ്ടെന്ന് സിപിഎമ്മിന്‍റെ പ്രകടന പത്രിക സമിതിയംഗം ഹന്നന്‍ മൊല്ല പറഞ്ഞു.
ഭരണകക്ഷി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമസ്ഥാപനങ്ങളെ നേരിടുന്ന കാഴ്‌ച അടുത്തിടെ നാം കണ്ടു. വോട്ട് ബാങ്ക് രാഷ്‌ട്രീയം ലക്ഷ്യമിട്ട് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതിനെയും പ്രകടനപത്രികയില്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി ആര്‍എസ്എസിന്‍റെ പ്രത്യയശാസ്‌ത്രം മുന്നോട്ട് വച്ച് നമ്മുടെ മതേതര ജനാധിപത്യത്തെ അട്ടിമറിച്ച് രാജ്യത്തെ ഹിന്ദു രാഷ്‌ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്നും ഹന്നന്‍ മൊല്ല കുറ്റപ്പെടുത്തി.