ന്യൂഡൽഹി: കൊവിഷീൽഡ് വാക്‌സിൻ പാർശ്വഫലങ്ങളും അതിന്‍റെ അപകട ഘടകങ്ങളും പരിശോധിക്കാന്‍ മെഡിക്കൽ വിദഗ്‌ധ സമിതി രൂപീകരിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ നിന്നുള്ള വിദഗ്‌ധരുടെ പാനൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജിക്കാരന്‍.
കൊവിഷീൽഡ് വാക്‌സിൻ അപൂർവ സന്ദർഭങ്ങളിൽ പാർശ്വഫലങ്ങളുണ്ടാക്കിയേക്കാമെന്ന് അടുത്തിടെ നിര്‍മാതാക്കളായ ആസ്ട്രസെനെക്ക വെളിപ്പെടുത്തിയിട്ടുള്ളതായും, ഇന്ത്യയിൽ കൊവിഷീൽഡ് ലൈസൻസിന് കീഴിൽ നിർമ്മിച്ച AZD1222 വാക്‌സിൻ വളരെ അപൂർവ്വം കേസുകളിൽ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയാനും രക്തം കട്ടപിടിക്കാനും കാരണമാകുമെന്ന് ആസ്ട്രസെനെക്ക പറയുന്നതായും വിശാൽ തിവാരിഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് 19 കാലത്ത് വാക്‌സിനേഷൻ ഡ്രൈവിന്‍റെ പാർശ്വഫലങ്ങളാൽ ഗുരുതരമായി അവശത അനുഭവിക്കുന്ന അല്ലെങ്കിൽ മരണമടഞ്ഞ ആളുകൾക്ക് നഷ്‌ടപരിഹാരം നൽകാനുള്ള സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രത്തോട് നിർദ്ദേശം നൽകണമെന്നും ഹര്‍ജിയില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നു.