ന്യൂഡൽഹി : അങ്കിത് സക്‌സേന കൊലപാതക കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. 2018 ഫെബ്രുവരിയിൽ ദുരഭിമാനത്തെ തുടർന്ന് ഫോട്ടോഗ്രാഫർ അങ്കിത് സക്‌സേനയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. സക്‌സേനയുടെ കാമുകി ഷെഹ്‌സാദിയുടെ മാതാപിതാക്കളായ അക്ബർ അലി, ഷഹനാസ് ബീഗം, മാതൃസഹോദരൻ മുഹമ്മദ് സലിം എന്നിവർക്കെതിരെയാണ് നടപടി.
ഡൽഹി പൊലീസിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ റബേക്ക മാമ്മൻ ജോൺ, വിശാൽ ഗോസൈൻ എന്നിവർ ഹാജരായി. കുറ്റകൃത്യം നടക്കുമ്പോൾ സലിമിന് 43 വയസും അലിക്കും ബീഗത്തിനും 40 വയസുമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ആറ് വർഷത്തോളമായി ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.