ന്യൂഡല്‍ഹി: പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ രാജ്യതലസ്ഥാനത്ത് യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, തുടങ്ങിയവരും കോണ്‍ഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു(Congrss Election Committee).
ഡല്‍ഹി, ഛത്തീസ്ഗഢ്, കര്‍ണാടക, തെലങ്കാന, ലക്ഷദ്വീപ്, കേരളം, മേഘാലയ, ത്രിപുര, സിക്കിം, മണിപ്പൂര്‍, തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള അന്തിമധാരണയോഗത്തിലുണ്ടായെന്നാണ് സൂചന. കോണ്‍ഗ്രസ് ഇതുവരെ പക്ഷേ സ്ഥാനാര്‍ത്ഥികളെ ആരെയും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞാഴ്ച ബിജെപി 195 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്ത് വിട്ടിരുന്നു(List Of Candidates).
കോണ്‍ഗ്രസ് ഉടന്‍ തന്നെ തങ്ങളുടെ ആദ്യഘട്ടസ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടുമെന്നാണ് സൂചന. ഇതോടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണം തുടങ്ങാനാകും. രാഹുല്‍ഗാന്ധിയുടെ അമേത്തിയിലെ സ്ഥാനാര്‍ത്ഥിത്വവും സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് പ്രിയങ്കാഗാന്ധി വാദ്രയും മത്സരിക്കുന്നത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ തുടരുകയാണ്. ഗാന്ധികുടുംബത്തിന്‍റെ കോട്ടയായാണ് ഇരുമണ്ഡലങ്ങളെയും വിലയിരുത്തുന്നത്. രണ്ട് സഹോദരങ്ങളും ഈ മണ്ഡലങ്ങളില്‍ നിന്ന് തന്നെ ജനവിധി തേടണമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ആവശ്യം(General Elections).