ന്യൂഡല്‍ഹി: ജൂണ്‍ 24ന് പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം തുടങ്ങാനാരിക്കെ പ്രതിപക്ഷ നേതാവിനെയും പാര്‍ലമെന്‍ററി അക്കൗണ്ട്സ് സമിതി അധ്യക്ഷനെയും കണ്ടെത്താനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ചൂടുപിടിച്ച് കഴിഞ്ഞു. ഒരുപതിറ്റാണ്ടിന് ശേഷമാണ് പ്രതിപക്ഷ നേതൃത്വ സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കുന്നത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ കേവലം 44 സീറ്റുകളും 2019ല്‍ 52 സീറ്റുകളുമാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചിരുന്നുള്ളൂ.
ലോക്‌സഭയുടെ മൊത്തം അംഗബലത്തിന്‍റെ പത്ത് ശതമാനം നേടുന്ന ഒറ്റകക്ഷിയാണ് പ്രതിപക്ഷ സ്ഥാനം നേടുന്നത്. അതായത് ലോക്‌സഭയുടെ 543 എന്ന അംഗസംഖ്യയുടെ പത്ത് ശതമാനമായ 54 സീറ്റുകള്‍ എങ്കിലും ഒരു കക്ഷി നേടിയിരിക്കണം. ഇക്കുറി കോണ്‍ഗ്രസിന് 99 സീറ്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ പാര്‍ലമെന്‍റിലെ രണ്ട് സുപ്രധാന തസ്‌തികകള്‍ കോണ്‍ഗ്രസിന് ഇക്കുറി ലഭിക്കും.
ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണോ വേണ്ടയോ എന്ന് റായ്‌ബറേലിയില്‍ നിന്നുള്ള ജനപ്രതിനിധി രാഹുല്‍ ഗാന്ധി തീരുമാനിക്കേണ്ടി വരും. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിന്‍റെ പ്രമേയം രാഹുലിനെ പ്രതിപക്ഷ നേതാവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ പക്ഷേ രാഹുല്‍ ഇനിയും പച്ചക്കൊടി കാട്ടിയിട്ടില്ല. രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് തങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നതെന്ന് ലോക്‌സഭാംഗം ഹൈബി ഈഡന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് പിന്നാലെ തന്നെ ഈ സുപ്രധാന തസ്‌തികകളിലേക്കുള്ള ആളുകളെയും പ്രഖ്യാപിച്ചേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രാഹുല്‍ പ്രതിപക്ഷ നേതാവായാല്‍ ഗൗരവ് ഗോഗോയ് ആയിരിക്കും പ്രതിപക്ഷ ഉപനേതാവ്. രാഹുല്‍ പ്രതിപക്ഷ നേതൃത്വ സ്ഥാനം സ്വീകരിച്ചില്ലെങ്കില്‍ ഗൗരവ് ആ സ്ഥാനത്തേക്ക് വരാനും സാധ്യതയുണ്ട്.