ന്യൂഡൽഹി:ഉന്നത നേതാക്കൾക്കെതിരെയുളള വ്യാജവാർത്തകൾക്കെതിരെ ശക്തമായി നീങ്ങാനൊരുങ്ങി കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് ക്വിക്ക് റെസ്‌പോൺസ് ടീമുകളെ ഉടൻ രൂപീകരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. വ്യാജവാർത്തകൾക്കെതിരെ വേഗത്തിലുളള നിയമനടപടികൾ സ്വീകരിക്കുന്നതിനായി പാർട്ടിയുടെ കേന്ദ്രതലം മുതൽ ജില്ലാതലം വരെ സംസ്ഥാനങ്ങളിൽ അതിനുതകുന്ന സംവിധാനങ്ങൾ സ്ഥാപിക്കും.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും പദ്ധതി വേഗം തന്നെ നടപ്പിലാക്കും. ദേശ വിരുദ്ധമെന്ന് തോന്നുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ പുതിയ സമൂഹമാധ്യമ നയം കൊണ്ടുവന്നതിന് പിന്നാലെയാണ് ഈ നീക്കത്തിന് കോൺഗ്രസും മുതിർന്നത്.
സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകൾ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി ഉടനെ തന്നെ ക്വിക്ക് റെസ്‌പോൺസ് ടീമിനെ രൂപീകരിക്കുന്നതായിരിക്കുമെന്ന് എഐസിസി ലീഗൽ ഡിപ്പാർട്ട്മെൻ്റ് മേധാവി അഭിഷേക് സിംഗ്വി ഇടിവി ഭാരതിനോട് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമൂഹമാധ്യമത്തിലൂടെ വ്യാജവാർത്തകൾ വരുന്നുണ്ട്. ചില വ്യാജ വാർത്തകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പോസ്റ്റുകൾ നീക്കം ചെയ്യുകയും ചെയ്‌തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.