ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരമേറ്റതിന് പിന്നാലെ കോൺഗ്രസിന്‍റെ നില കൂടുതൽ മെച്ചപ്പെട്ടതായി പാർട്ടി നടത്തിയ സർവേകൾ. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസിന്‍റെ രാഷ്‌ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗുലു നടത്തിയ സർവേയിലാണ് പുതിയ കണ്ടെത്തല്‍.
പന്ത്രണ്ടോളം ലോക്‌സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് വോട്ടർമാരുടെ ശതമാനം വർധിച്ചിട്ടുണ്ടെന്നാണ് നിഗമനം. വരും ദിവസങ്ങളിൽ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ സർവേ നടത്താൻ സുനിൽ കനുഗോലുവിന്‍റെ സംഘം വീണ്ടും യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട് (Congress in Telangana).
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രവർത്തനം കൂടുതല്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സംസ്ഥാന കാര്യ ചുമതലയുള്ള ദീപദാസ് മുൻഷിയും മറ്റ് പ്രധാന നേതാക്കളും ഇതിനോടകം തന്നെ കൂടിക്കാഴ്ച്ച നടത്തി സംസ്ഥാനത്തെ പുതിയ സ്ഥിതിഗതികൾ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. കോൺഗ്രസിന്‍റെ രാഷ്‌ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗുലു ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിൽ പാർട്ടികൾ നടത്തിയ സർവേ ഫലങ്ങൾ പരിശോധിച്ചിരുന്നു.
അടുത്തിടെ വിളിച്ചുചേർത്ത പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ശുപാർശ ചെയ്ത സ്ഥാനാർഥികളുടെ പട്ടികയ്‌ക്കൊപ്പം, പാർട്ടിയിൽ ചേർന്നതും, ചേരാൻ പോകുന്നതും, പുറത്തുനിന്നുള്ള പ്രധാന നേതാക്കളുടേ വിജയത്തെക്കുറിച്ചും അടക്കമുള്ള സർവേകൾ നടത്താൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഓരോ ലോക്‌സഭാ മണ്ഡലത്തിലേക്കും മൂന്നും നാലും സ്ഥാനാർഥികളുടെ സർവേ നടത്താനാണ് സുനിൽ കനുഗോലു വിശദാംശങ്ങൾ നൽകിയതെന്നാണ് സൂചന. സാമൂഹിക സമവാക്യങ്ങളും, നിലവിലെ രാഷ്‌ട്രീയ സാഹചര്യവും മുന്നിൽക്കണ്ട് വിജയിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് പാർട്ടി ടിക്കറ്റ് നൽകാനുള്ള സാഹസമാണ് ഇപ്പോൾ നടക്കുന്നത്.