ന്യൂഡൽഹി:പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ അഭിസംബോധ ചെയ്യണമായിരുന്നു എന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.
'49 വർഷം മുമ്പ് നടന്ന അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്നതിൽ യുക്തിയില്ല. ഇന്നത്തെ പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ സംസാരിക്കേണ്ടിയിരുന്നു. നീറ്റ് പരീക്ഷയെ കുറിച്ചോ തൊഴിലില്ലായ്‌മയെ കുറിച്ചോ നമ്മൾ ഒന്നും കേട്ടിട്ടില്ല. മണിപ്പൂർ എന്ന വാക്ക് പോലും പ്രസിഡണ്ട് മുർമുവിൽ നിന്നോ പ്രധാനമന്ത്രി മോദിയിൽ നിന്നോ ഉണ്ടായില്ല. ഇന്ത്യ-ചൈന അതിർത്തി പോലുള്ള പ്രശ്‌നങ്ങൾ പ്രസംഗത്തിൽ പരാമര്‍ശിക്കേണ്ടതായിരുന്നു.'- ശശി തരൂര്‍ പറഞ്ഞു.
അടിയന്തരാവസ്ഥ ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്‍റെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നു എന്നായിരുന്നു പ്രസിഡന്‍റിന്‍റെ വിമര്‍ശനം. അടിയന്തരാവസ്ഥക്കാലത്ത് രാജ്യം മുഴുവൻ അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.