ഛത്തീസ്‌ഗഢ്:ബലോദാബസാർ സത്നാമി കമ്മ്യൂണിറ്റി കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ ദേവേന്ദ്ര യാദവ് അറസ്റ്റിൽ. കലാപവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുന്നതിനായി മൂന്നു തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് അദ്ദേഹത്തെ കോട്വാലി പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇന്നലെ രാത്രി അദ്ദേഹത്തിന്‍റെ ഭിലായിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് എസ് പി വിജയ് അഗർവാൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ദേവേന്ദ്രവിനെ ഓഗസ്റ്റ് 20 വരെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. അതേസമയം കലാപക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്ന് യാദവ് പ്രതികരിച്ചു.
ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നിൽ താൻ ഹാജരായിരുന്നതായും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു. ദേവേന്ദ്രവിന്‍റെ അറസ്റ്റിനെ തുടർന്ന് നിരവധി കോൺഗ്രസ് നേതാക്കൾ സർക്കാരിനെതിരെ രംഗത്തെത്തി. അറസ്റ്റ് രാഷ്ട്രീയ പകപ്പോക്കലിന്‍റെ ഭാഗമാണെന്നും പൊലീസ് രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങരുതെന്നും മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രതികരിച്ചു.