ന്യൂഡല്‍ഹി :ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ വൈ എസ് ശര്‍മിളയ്ക്കും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വിവേകാനന്ദ റെഡ്ഡിയുടെ മകള്‍ സുനീത നര്‍റെഡ്ഡിക്കും നേരെ ഉണ്ടായ ഭീഷണികള്‍ക്കും ട്രോളുകളുകള്‍ക്കുമെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. നിന്ദ്യവും ഭീരുത്വവും നിറഞ്ഞ പ്രവൃത്തികളാണ് ഇതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി (Threats against YS Sharmila).
സ്‌ത്രീകളെ അപമാനിക്കുന്നത് ഭീരുത്വവും നിന്ദ്യവുമാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഇത്തരം ആയുധങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ ദുര്‍ബലര്‍ സാധാരണയായി ഉപയോഗിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസും താനും ശര്‍മിളയ്ക്കും സുനീതയ്ക്കും ഒപ്പം നില്‍ക്കുന്നുവെന്നും ഇത്തരം പ്രവൃത്തികളെ അപലപിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു (Harassment and threats against YS Sharmila, Vivekananda Reddy's daughter Suneetha narreddy).
ഓണ്‍ലൈന്‍ വഴി നടക്കുന്ന അധിക്ഷേപങ്ങള്‍ പണം നല്‍കി ചെയ്യിക്കുന്നതാണെന്ന് ശര്‍മിള പ്രതികരിച്ചു. തന്നെ ട്രോളുന്നവര്‍ ഭീരുക്കളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരാജയപ്പെടുമെന്ന് ഭയക്കുന്നവരുടെ അവസാന അത്താണിയാണ് ഇത്തരം പ്രചാരണങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ പ്രവൃത്തികള്‍ ക്രൂരമാണ്. പക്ഷേ ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ പിന്തുണയും വാത്സല്യവും കരുത്ത് പകരുമെന്നും അവര്‍ എക്‌സില്‍ കുറിച്ചു.
ഫേസ്ബുക്കിലെ മോശം പരാമര്‍ശങ്ങളെയും ഭീഷണി സന്ദേശങ്ങളെയും തുടര്‍ന്ന് ഹൈദരാബാദിവെ ഗച്ചിബൗളി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ സുനീത നര്‍റെഡ്ഡി പരാതി നല്‍കിയതായി മുന്‍ കേന്ദ്രമന്ത്രി എം എം പല്ലം രാജു അറിയിച്ചു. ആന്ധ്രാപ്രദേശിലെ മുന്‍ മന്ത്രി വൈ എസ് വിവേകാനന്ദ റെഡ്ഡിയുടെ മകളാണ് സുനീത.