ചിന്ദ്വാര (മധ്യപ്രദേശ്) :ബിജെപിയിൽ ചേർന്നേക്കുമെന്ന വാദങ്ങൾ നിഷേധിച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കമൽനാഥ്. പാർട്ടി മാറുമെന്ന അഭ്യൂഹങ്ങൾക്കു പിന്നിൽ മാധ്യമസൃഷ്‌ടിയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുകയാണെങ്കിൽ പാർട്ടി വിടാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി (Congress Leader Kamal Nath On Buzz Of His Switch Over Created By Media).
ബുധനാഴ്‌ച ചിന്ദ്വാര ജില്ലയിലെ ചൗരായ് നിയമസഭ മണ്ഡലത്തിൽ ചാന്ദ് ബ്ലോക്കിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂറുമാറുന്നെന്ന കാര്യം മാധ്യമങ്ങൾ പറയുന്നെന്നല്ലാതെ മറ്റാരും പറയുന്നില്ല. മാധ്യമങ്ങൾ എപ്പോഴെങ്കിലും തന്‍റെ വായിൽ നിന്നും ഇത് കേട്ടിട്ടുണ്ടോ എന്നും താൻ എന്തെങ്കിലും സൂചന നൽകിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ അത്തരം ഊഹാപോഹങ്ങൾ ഒന്നുമില്ലെന്നും മാധ്യമങ്ങളാണ് ഈ വാർത്ത പ്രചരിപ്പിച്ചതെന്നും മാധ്യമങ്ങൾ തന്നെ ഇത് നിരസിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർ തനിക്ക് വർഷങ്ങളോളം സ്നേഹവും വിശ്വാസവും തന്നിട്ടുണ്ട്. തനിക്ക് യാത്രയയപ്പ് നൽകാൻ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുവെങ്കിൽ അത് അവരുടെ ഇഷ്‌ടമാണ്. അങ്ങനെയെങ്കിൽ താൻ വിടപറയാൻ തയ്യാറാണ്. തന്നെ അടിച്ചേൽപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അയോധ്യ രാമക്ഷേത്രത്തിന്‍റെ പേരിൽ അദ്ദേഹം ബിജെപിയെ ലക്ഷ്യമിട്ടിരുന്നെന്നും ബിജെപിക്ക് രാമക്ഷേത്രത്തിന്‍റെ പട്ടയം ഉണ്ടോ എന്നും രാമക്ഷേത്രത്തിന്‍റെ പേരിൽ രാഷ്‌ട്രീയം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുജനത്തിന്‍റെ പണം കൊണ്ടാണ് രാമക്ഷേത്രം നിർമിച്ചതെന്നും ശ്രീരാമനെ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.