ഭോപ്പാൽ: സോയാബീനിന്‍റെ താങ്ങുവില (എംഎസ്‌പി) ക്വിന്‍റലിന് 4892 രൂപയിൽ നിന്ന് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ കോൺഗ്രസിന്‍റെ കിസാൻ ന്യായ് യാത്ര. സംസ്ഥാനത്തുടനീളം ട്രാക്‌ടറുകളിലാണ് കോണ്‍ഗ്രസ് ന്യായ് യാത്ര സംഘടിപ്പിച്ചത്. കോൺഗ്രസ് എംഎൽഎമാരായ അജയ് സിങ്, ആരിഫ് മസൂദ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ റാത്തിബാദിൽ നിന്ന് തലസ്ഥാനമായ ഭോപ്പാലിലെ ഭാദ്ഭദ പ്രദേശത്തേക്കാണ് ട്രാക്‌ടറുകളിൽ റാലി നടത്തിയത്.
അതേസമയം ഭാദ്ഭദയില്‍ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. സോയാബീനിന്‍റെ എംഎസ്‌പി ക്വിന്‍റലിന് 6,000 രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മെമ്മോറാണ്ടം സമർപ്പിച്ചു. 'ഇത് കർഷകര്‍ക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള ന്യായ് യാത്രയാണ്. എംഎസ്‌പി സംബന്ധിച്ച് ബിജെപി സര്‍ക്കാര്‍ നിരവധി വാഗ്‌ദാനങ്ങൾ നൽകിയിരുന്നുവെന്നും ഒന്നും നടപ്പിലാക്കില്ലെന്നും കോൺഗ്രസ് നേതാവ് അജയ് സിങ് പറഞ്ഞു.
മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്‍റെയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരിയുടെയും നേതൃത്വത്തിൽ ഇന്‍ഡോറിലും കിസാന്‍ ന്യായ് യാത്ര സംഘടിപ്പിച്ചിരുന്നു. സോയാബീൻ വിളയുടെ എംഎസ്‌പി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പട്‌വാരിയും ഗവർണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.