ന്യൂഡൽഹി:"ഹർ ഘർ തിരംഗ" ക്യാമ്പെയിനായി ജനങ്ങളോട് അഭ്യാർഥിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ്. മോദി ദേശീയ ചിഹ്നം സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. "ഹർ ഘർ തിരംഗ" ക്യാമ്പെയിൻ അവിസ്‌മരണീയമാക്കണമെന്ന് പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
വീടുകളിൽ ദേശീയ പതാക ഉയർത്തി ഇതിനെ ഒരു ബഹുജന പരിപാടിയാക്കി മാറ്റണമെന്ന് രാജ്യത്തെ പൗരന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. അതിനൊപ്പം തന്നെ അദ്ദേഹം എക്‌സിലെ പ്രൊഫൈൽ ചിത്രം മാറ്റി ത്രിവർണ പതാകയുടേതാക്കി, മാത്രമല്ല എല്ലാവരോടും അങ്ങനെ ചെയ്യാൻ അഭ്യർഥിക്കുകയും ചെയ്‌തു.
മോദിയുടെ "ഹർ ഘർ തിരംഗ" ക്യാമ്പെയ്ൻ ചൂണ്ടിക്കാട്ടി, "തിരംഗയുമായുള്ള ആർഎസ്എസ് ബന്ധത്തിൻ്റെ ഹ്രസ്വ ചരിത്രമാണ്" ഇതിലൂടെ വ്യക്തമാകുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പരിഹാസരൂപേണ എക്‌സിൽ കുറിച്ചു.
ത്രിവർണ പതാക ദേശീയ പതാകയായി സ്വീകരിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനം വർഗീയതയെ ആണ് സൂചിപ്പിക്കുന്നതെന്ന് ആർഎസ്എസ് ചീഫായ എം എസ് ഗോൾവാൾക്കർ അദ്ദേഹത്തിന്‍റെ പുസ്‌തകത്തിൽ വിമർശിച്ചിരുന്നതായി ജയറാം രമേശ് പറഞ്ഞു.
ത്രിവർണ പതാകയെ ഒരിക്കലും ഹിന്ദുക്കൾ ബഹുമാനിക്കില്ലെന്ന് 1947ൽ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ എഴുതിയിരുന്നു. മൂന്ന് എന്ന വാക്ക് തിന്മയെയാണ് സൂചിപ്പിക്കുന്നത്, മൂന്ന് നിറങ്ങളുള്ള ഒരു പതാക തീർച്ചയായും വളരെ മോശമായ ഫലമുണ്ടാക്കുമെന്നും അത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും ഓർഗനൈസറിൽ പറഞ്ഞിരുന്നു" - ജയറാം രമേശ് എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
മറ്റ് നിറങ്ങൾ വർഗീയ ചിന്തകളെ പ്രതിനിധീകരിക്കുന്നതിനാൽ ദേശീയ പതാകയിൽ കാവി മാത്രമായിരുന്നു ഉണ്ടാവേണ്ടിയിരുന്നതെന്ന് 2015ൽ ആർഎസ്എസ് പറഞ്ഞിരുന്നതായും ജയ്‌റാം രമേശ് സൂചിപ്പിച്ചു. 2001 വരെ ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാക പതിവായി ഉയർത്തിയിരുന്നില്ല, മൂന്ന് യുവാക്കൾ അതിന്‍റെ വളപ്പിൽ പതാക ഉയർത്തിയപ്പോൾ അവർക്കെതിരെ അന്ന് കുറ്റം ചുമത്തിയിരുന്നതായും, അദ്ദേഹം പറഞ്ഞു.
"എന്നാൽ പ്രധാനമന്ത്രി ഇപ്പോൾ ഈ ദേശീയ ചിഹ്നം ഏറ്റെടുക്കാൻ ശ്രമിക്കുകയാണ്. കാരണം അദ്ദേഹത്തിൻ്റെ സംഘടനയ്ക്ക് ഇന്ത്യയ്ക്ക് സ്വന്തമായി അംഗീകരിക്കാൻ കഴിയുന്ന ചരിത്രമോ ചിഹ്നങ്ങളോ ഇല്ല," എന്ന് ജയറാം രമേശ് പറഞ്ഞു. മാത്രമല്ല ആർഎസ്എസ് പങ്കെടുക്കാൻ വിസമ്മതിച്ച ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ വാർഷികം ഇന്ത്യയ്ക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ആഘോഷിക്കാൻ കഴിയുന്ന ഒരു ദിവസമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
"ഈ വർഷത്തെ സ്വാതന്ത്ര്യദിനം അടുക്കുമ്പോൾ, നമുക്ക് വീണ്ടും ഹർ ഘർ തിരംഗയെ അവിസ്‌മരണീയമായ ബഹുജന പ്രസ്ഥാനമാക്കി മാറ്റാം. ഞാൻ എൻ്റെ പ്രൊഫൈൽ ചിത്രം മാറ്റുകയാണ്, അതുപോലെ ചെയ്‌തുകൊണ്ട് നിങ്ങളും സ്വാതന്ത്ര ദിനം ആഘോഷിക്കുന്നതിൽ എന്നോടൊപ്പം ചേരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സെൽഫികൾ hargartiranga.com-ൽ പങ്കിടുക - എന്ന് പ്രധാനമന്ത്രി വെള്ളിയാഴ്‌ച (ഓഗസ്‌റ്റ് 9) എക്‌സിൽ കുറിച്ചിരുന്നു.
Also Read:'കേന്ദ്ര ബജറ്റ് കാട്ടുന്നത് മോദി സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ്': ജയറാം രമേഷ്