മുംബൈ:ഈ വർഷം ഒക്‌ടോബറിൽ നടക്കാനിരിക്കുന്ന മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേനയും (യുബിടി), കോൺഗ്രസും, എൻസിപി (എസ്‌പി )യും സംയുക്തമായി മത്സരിക്കുമെന്ന് എൻസിപി തലവൻ ശരദ് പവാർ. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിലും മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് പൊരുതാന്‍ തീരുമാനിച്ചിരിക്കുന്നത്. 2019 നവംബർ മുതൽ 2022 ജൂൺ വരെ സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്നതും ശിവസേനയും കോൺഗ്രസും എൻസിപിയും ചേര്‍ന്ന 'മഹാ വികാസ് അഘാഡി' സഖ്യമായിരുന്നു.
സംസ്ഥാനത്ത് ഒരു മാറ്റം ആവശ്യമാണെന്നും അത് നിറവേറ്റേണ്ടത് പ്രതിപക്ഷ സഖ്യത്തിൻ്റെ ധാർമിക ഉത്തരവാദിത്തമാണെന്നും പവാർ പറഞ്ഞു. അർജുനൻ്റെ ലക്ഷ്യം ഒരു കണ്ണ് (മത്സ്യത്തിൻ്റെ) ആയിരുന്നെങ്കില്‍, നമ്മുടെ കണ്ണുകളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ഉടൻ തന്നെ അതുണ്ടാകുമെന്നും പവാര്‍ പറഞ്ഞു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സഖ്യത്തിൻ്റെ ഭാഗമായ ചെറിയ സഖ്യകക്ഷികളുടെ താൽപര്യങ്ങള്‍ സംരക്ഷിക്കേണ്ടത് മുഖ്യ പാർട്ടികളുടെ ധാർമ്മിക ഉത്തരവാദിത്തമാണ്. മൂന്ന് പാർട്ടികളോടൊപ്പം സഖ്യത്തിൻ്റെ ഭാഗമായിരുന്ന ഇടതുപക്ഷ പാർട്ടികള്‍ക്കും കർഷകര്‍ക്കും തൊഴിലാളികള്‍ക്കും (പിഡബ്ല്യുപി) ലോക്‌സഭയിൽ സീറ്റ് നൽകാൻ കഴിഞ്ഞില്ല. അതിനാൽ അവരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടി സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നല്‍കാനാണ് ശ്രമിക്കുന്നതെന്നും പവാർ വ്യക്തമാക്കി.