ന്യൂഡല്‍ഹി : കര്‍ഷകരുടെ മാര്‍ച്ചിന് (Dilli Chalo) മുന്നോടിയായി ഡല്‍ഹി അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് വന്‍ സുരക്ഷാസന്നാഹം. ഏത് സാഹചര്യവും നേടുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി പൊലീസ്. ഗാസിപൂര്‍ അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു (Concrete barricades In Ghazipur Border).
മറ്റ് പ്രധാന അതിര്‍ത്തികളിലെല്ലാം ഒന്നിലധികം ലെയറുകളിലായാണ് ബാരിക്കേഡുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അര്‍ധസൈനിക വിഭാഗം ഉദ്യോഗസ്ഥര്‍, പൊലീസ് സേന എന്നിവയിലെ നൂറോളം ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. അതേസമയം, ബവാന സ്റ്റേഡിയം താത്കാലിക ജയിലാക്കി മാറ്റണമെന്ന കേന്ദ്രത്തിൻ്റെ ആവശ്യം ഡല്‍ഹി സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്.
അന്താരാഷ്‌ട്ര അതിര്‍ത്തികള്‍ക്ക് സമാനമായ രീതിയിലാണ് പഞ്ചാബ്, ഹരിയാന അതിര്‍ത്തികളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിങ് പന്ദേർ അഭിപ്രായപ്പെട്ടു. ഹരിയാന സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇരുന്നറിലധികം കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. കിസാന്‍ മോര്‍ച്ചയുടെ രാഷ്‌ട്രീയേതര വിഭാഗം, കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ച എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് മാര്‍ച്ച്. മാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഉള്‍പ്പടെ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു.