ന്യൂഡൽഹി :മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ ലീഗൽ സെൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനെതിരെ ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിന് പരാതി നൽകി. ബുധനാഴ്ച (27-03-2024) ഡൽഹിയിലെ എല്ലാ കോടതികളിലും ലീഗൽ സെൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ആം ആദ്മി പാർട്ടിയുടെ (എഎപി) ലീഗൽ സെല്ലും രാഷ്ട്രീയ പ്രവർത്തകരും കോടതിയുടെ പരിസരത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിനുള്ള ആഹ്വാനം ഉടൻ പിന്‍വലിക്കണമെന്നും ബാർ കൗൺസിലിനോട് ഉചിതമായ നിർദേശം നല്‍കണമെന്നും പരാതിക്കാരനും അഭിഭാഷകനുമായ വൈഭവ് സിങ് ആവശ്യപ്പെടുന്നു. കോടതി വളപ്പിനുള്ളിൽ നിയമവിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്യുന്ന അഭിഭാഷകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും എതിരെ അച്ചടക്ക നടപടികൾ ആരംഭിക്കാൻ എല്ലാ ജില്ല കോടതികളിലെയും ഹൈക്കോടതികളിലെയും ബാർ അസോസിയേഷനുകളോട് നിർദേശിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.