തമിഴ്‌നാട്: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മദ്യ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് സർക്കാർ വഹിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇത് സംബന്ധിച്ച് നിയമസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രസ്‌താവന പുറപ്പെടുവിച്ചത്.
ഏകാംഗ കമ്മിഷൻ റിപ്പോർട്ടിന്മേൽ സർക്കാർ രണ്ട് ദിവസത്തിനകം നടപടിയെടുക്കും. കൂടാതെ, ഒന്നോ രണ്ടോ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം ശ്രദ്ധിക്കുമെന്നും അറിയിച്ചു. 10 ലക്ഷം രൂപയും കുട്ടികളുടെ പഠനച്ചെലവും കൂടാതെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ 5 ലക്ഷം രൂപ സർക്കാർ നിക്ഷേപിക്കുമെന്നും ഈ തുക അവർക്ക് 18 വയസ് തികയുമ്പോൾ പലിശ സഹിതം എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രായപൂർത്തിയാകുന്നതുവരെ എല്ലാ മാസവും 5000 രൂപ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കളിൽ ഒരാളെ നഷ്‌ടപ്പെട്ട കുട്ടിക്ക് മൂന്ന് ലക്ഷം രൂപ നൽകുമെന്നും അതുപോലെ തന്നെ 18 വയസ് തികയുമ്പോൾ ഈ തുക പലിശ സഹിതം തിരികെ നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു. ഈ കുട്ടികളെ അവർക്ക് ഇഷ്‌ടമുള്ള ഹോസ്റ്റലുകളിൽ പ്രവേശിപ്പിക്കുമെന്നും പറഞ്ഞു.
കള്ളക്കുറിച്ചി മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച വിവിധ നടപടികൾ മുഖ്യമന്ത്രി പട്ടികപ്പെടുത്തി. കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ നിലവിലുള്ള 161 ഡോക്‌ടർമാരെ സഹായിക്കാൻ അഞ്ച് ജില്ലകളിൽ നിന്നായി 57 ഡോക്‌ടർമാരെ കൂടി നിയോഗിച്ചു. മുഖ്യപ്രതി ഗോവിന്ദരാജിൽ നിന്ന് 200 ലിറ്റർ മെഥനോൾ പിടികൂടിയതായി കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. പുതുച്ചേരിയിൽ നിന്നാണ് മെഥനോൾ കൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.