ഹത്രാസ് : ഉത്തർപ്രദേശില്‍ സ്‌കൂളിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി രണ്ടാം ക്ലാസ് വിദ്യാർഥിയെ ബലി നല്‍കി അധികൃതര്‍. ഹത്രാസ് ജില്ലയിലെ സഹപാവു മേഖലയിലെ റസിഡൻഷ്യൽ സ്‌കൂളായ ഡിഎൽ പബ്ലിക് സ്‌കൂളിലാണ് ദാരുണ സംഭവം. സംഭവത്തില്‍ സ്‌കൂൾ ഡയറക്‌ടറും ഇയാളുടെ പിതാവും പ്രിൻസിപ്പലും രണ്ട് അധ്യാപകരുമടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്‌തു. അൽഹെപൂർ ചുർസെൻ ഗ്രാമത്തിലെ താമസക്കാരനായ കൃതാർത്ഥ് (11) എന്ന രണ്ടാം ക്ലാസുകാരനെയാണ് സ്‌കൂള്‍ അധികൃതര്‍ കൊലപ്പെടുത്തിയത്.
സംഭവമിങ്ങനെ...
കഴിഞ്ഞ 23-ന് ആണ് കുട്ടിയെ ഹോസ്‌റ്റല്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സ്‌കൂൾ ഡയറക്‌ടർ ദിനേശ് ബാഗേലും പിതാവ് ജശോധൻ സിങ്ങും ചില സ്റ്റാഫ് അംഗങ്ങളും ചേർന്ന് 22-ന് രാത്രി, ഉറങ്ങി കിടക്കുന്ന കുട്ടിയെ ഹോസ്റ്റലിൽ നിന്ന് എടുത്തുകൊണ്ടുപോവുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സ്‌കൂളിന് സമീപമുള്ള മുറിയിൽ ബലിയർപ്പണം നടത്താനായിരുന്നു പദ്ധതി. എന്നാൽ ഇതിനിടെ ഉണര്‍ന്ന കുട്ടി ഉറക്കെ കരയാൻ തുടങ്ങി. തുടര്‍ന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഹോസ്റ്റൽ മുറിയിലേക്ക് തിരികെ കൊണ്ടിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സെപ്‌തംബർ 23-ന് കൃതാർത്ഥിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ഡയറക്‌ടര്‍ ദിനേഷ് ബാഗേൽ കാറിൽ കയറ്റികൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. എന്നാൽ, അപ്പോഴേക്കും സ്‌കൂളിലെത്തിയ കുട്ടിയുടെ വീട്ടുകാർ കാർ വളയുകയും ബഹളം വെക്കുകയും ചെയ്‌തു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി. കുട്ടിയുടെ കഴുത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയ പൊലീസ്, ഹോസ്റ്റൽ നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുത്തു.