ഗുവാഹത്തി:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമില്‍ സംഘര്‍ഷം. യാത്ര ഗുവാഹത്തിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി പൊലീസ് ഏറ്റുമുട്ടി. ഇതിനിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കി.
സംഭവത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഡിജിപിക്ക് നിര്‍ദേശം നല്കി. ജനക്കൂട്ടത്തെ പ്രകോപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
റാലി നടത്തുന്നത് സൗകര്യപ്രദമല്ലെന്ന് മുഖ്യമന്ത്രി: ഇന്ന് (ജനുവരി 23) പ്രവര്‍ത്തി ദിനമായതിനാല്‍ ഗുവാഹത്തിയിലെ റോഡുകളില്‍ റാലി നടത്തുന്നത് സൗകര്യപ്രദമല്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. പ്രവര്‍ത്തി ദിനങ്ങളിലെ റോഡിലെ തിരക്ക് പരിഗണിച്ചാണ് യാത്ര നടത്താന്‍ സൗകര്യപ്രദമല്ലെന്ന് അറിയിച്ചത്. യാത്ര വന്‍ ഗതാഗത കുരുക്കിന് കാരണമായേക്കും. നഗരത്തിലെ പ്രധാന പാത ഒഴിവാക്കി ദോശീയപാത 27 ലൂടെ സഞ്ചരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം പ്രതികരിച്ച മുഖ്യമന്ത്രി ഇത്തരം സംഭവങ്ങള്‍ അസമില്‍ വച്ചുപൊറുപ്പിക്കില്ലെന്നും ഇത് അന്യായമാണെന്നും പറഞ്ഞു. നടപടിയെടുക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അടിസ്ഥാന രഹിത കാരണങ്ങള്‍ നിരത്തുന്നു:അടിസ്ഥാന രഹിതമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ യാത്രക്ക് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. നഗരത്തിലെ പ്രധാന പ്രവേശന കവാടമായ ഖാനപാറ മേഖലയില്‍ വന്‍ പൊലീസ് സന്നാഹമാണുണ്ടായിരുന്നത്. നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാന്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.