ന്യൂഡല്‍ഹി:സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്നുള്ള നിരവധി ഉദ്യോഗാര്‍ഥികള്‍ ഇത്തവണ ആദ്യ നൂറില്‍ ഇടം പിടിച്ചു. ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്‌തവക്കാണ് ഒന്നാം റാങ്ക്. കേരളത്തില്‍ നിന്നുള്ള എറണാകുളം സ്വദേശി പി കെ സിദ്ധാര്‍ഥ് രാം കുമാറിനാണ് നാലാം റാങ്ക്. അനിമേഷ് പ്രധാന്‍ രണ്ടും ഡൊനൊരു അനന്യ റെഢി മൂന്നും റാങ്കുകള്‍ നേടി.
കേരളത്തില്‍ നിന്നുള്ള വിഷ്‌ണു ശശികുമാര്‍ മുപ്പത്തിയൊന്നാം റാങ്ക് നേടി. അര്‍ച്ചന പി പി നാല്‍പ്പതാം റാങ്കും സ്വന്തമാക്കി. നാല്‍പ്പത്തഞ്ചാം റാങ്ക് നേടിയ രമ്യ ആറും മലയാളിയാണ്. ബിഞ്ജോ പി ജോസ് (59), കസ്‌തൂരി ഷാ 68, ഫാബി റഷീദ് (71), ആനി ജോര്‍ജ് (93), ജി ഹരിശങ്കര്‍ (107),ഫെബിന്‍ ജോസ് തോമസ് (133) വിനീത് ലോഹിതാക്ഷന്‍ (169) എന്നിവരും ഉന്നത വിജയം കരസ്ഥമാക്കി.
കഴിഞ്ഞ വര്‍ഷം ഐ പി എസ് ലഭിച്ച സിദ്ധാര്‍ത്ഥ് രാം കുമാര്‍ ഹൈദരാബാദില്‍ പരിശീലനം തുടരുന്നതിനിടയിലാണ് ഇത്തവണ വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ സിദ്ധാര്‍ത്ഥിന് നൂറ്റി ഇരുപത്തിയൊന്നാം റാങ്കായിരുന്നു ലഭിച്ചത്.ആകെ അഞ്ചു തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയ സിദ്ധാര്‍ത്ഥ് മൂന്നു തവണയും റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പള്‍ രാം കുമാറിന്‍റെ മകനാണ് സിദ്ധാര്‍ത്ഥ്. സഹോദരന്‍ ആദര്‍ശ് ഹൈക്കോടതി അഭിഭാഷകനാണ്.
സിവില്‍ സര്‍വീസ് ഫലം എങ്ങിനെ പരിശോധിക്കാം.
ആദ്യം യു പി എസ് സി ഔദ്യോഗിക വെബ് സൈറ്റില്‍ പ്രവേശിക്കുക ( https://upsc.gov.in ) തുടര്‍ന്ന് ഹോം പേജിലുള്ള‘Civil Service Examinations 2023 Final Results’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അവിടെ തുറന്നു വരുന്ന 1105 വിജയികളുടെ പട്ടികയടങ്ങിയ പിഡി എഫ് ലിങ്കില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കുക. ഈ പേജ് ഡൗണ്‍ലോഡ് ചെയയ്‌ത് ഉപയോഗിക്കാം.