ഇസ്‌ലാമാബാദ് (പാകിസ്ഥാൻ): പ്രശസ്‌ത പാക് പിന്നണി - ഖവാലി ഗായകൻ റാഹത്ത് ഫത്തേ അലി ഖാൻ തന്‍റെ വിദ്യാർഥിയെ മർദിക്കുന്ന വീഡിയോ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ ഗായകൻ ക്ഷമാപണവും നടത്തി. ഇപ്പോഴിതാ റാഹത്ത് ഫത്തേ അലി ഖാന്‍റെ ക്ഷമാപണ വീഡിയോയെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്‌ത ഗായിക ചിന്മയി (Chinmayi Sripaada on Rahat Fateh Ali Khan Assault Video).
റാഹത്ത് ഫത്തേ അലി ഖാൻ യുവാവിനെ തല്ലുന്ന വീഡിയോ ചിന്മയി തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. 'ഭീകരം' എന്ന കുറിച്ചുകൊണ്ടാണ് ഇവർ വീഡിയോ പങ്കുവച്ചത്. പരസ്യമായി സൗമ്യവും മൃദുഭാഷിയുമായി പ്രത്യക്ഷപ്പെടുന്ന ആളുകൾ അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ എങ്ങനെ മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് ചിന്മയി പറഞ്ഞു. ക്യാമറകൾ നേരത്തെ ഉണ്ടായിരുന്നെങ്കിൽ, മഹാന്മാരായി ആഘോഷിക്കപ്പെടുന്ന കൂടുതൽ വ്യക്തികളുടെ യഥാർഥ സ്വഭാവം തുറന്നുകാട്ടപ്പെടുമായിരുന്നു എന്നും ഗായിക പറഞ്ഞു.
മദ്യ കുപ്പി എവിടെയെന്ന് ചോദിച്ച് കൊണ്ടായിരുന്നു യുവാവിനെ ഗായകൻ റാഹത്ത് ഫത്തേ അലി ഖാൻ ക്രൂരമായി മർദിച്ചത്. തനിക്കറിയില്ലെന്ന് യുവാവ് പറഞ്ഞിട്ടും ഗായകന്‍ ഇയാളെ മർദിക്കുന്നത് വീഡിയോയിൽ കാണാം. മുടിയില്‍ കുത്തിപ്പിടിച്ചും കുനിച്ച് നിർത്തിയും ആയിരുന്നു ചെരിപ്പ് കൊണ്ടുള്ള മർദനം.