ഹൈദരാബാദ് :2023 ജൂണ്‍ രണ്ട്. രാത്രി വൈകിയെത്തിയ ആ വാര്‍ത്ത കേട്ട് രാജ്യം നടുങ്ങി. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ട്രെയിന്‍ ദുരന്തങ്ങളില്‍ ഒന്നിനാണ് ഒഡിഷ ബാലസോറിലെ ബഹനാഗ സ്റ്റേഷന്‍ അന്ന് സാക്ഷിയായത്.
പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിച്ചു. അപകടത്തില്‍ 233 പേര്‍ മരിച്ചു. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2024 ഒക്‌ടോബര്‍ 11, രാത്രി എട്ടരയോടടുത്ത സമയം. ചെന്നൈ കവരൈപേട്ട റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ അപകടത്തില്‍ പെടുന്നു. മൈസൂര്‍-ദര്‍ഭംഗ ഭാഗമതി എക്‌സ്‌പ്രസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 13 ബോഗികള്‍ പാളം തെറ്റി. രണ്ട് ബോഗികളില്‍ തീപടരുകയും ചെയ്‌തു.
ചെന്നൈ ട്രെയിന്‍ അപകടത്തിന്‍റെ ചിത്രം (ETV Bharat) രാജ്യത്തെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരു രാത്രി. യാത്രക്കാരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നതൊഴിച്ചാല്‍ മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു എന്നത് ആശ്വാസകരമാണ്.
ചെന്നൈയിലുണ്ടായ അപകടത്തിന് പിന്നില്‍ സിഗ്‌നല്‍ നല്‍കുന്നതിലുണ്ടായ പിഴവാണെന്ന് ആരോപണം ഉയര്‍ന്നതോടെയാണ്, കവരൈപേട്ടയും ബാലസോറും തമ്മിലുള്ള ദൂരം ചുരുങ്ങിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാലസോര്‍ ദുരന്തത്തിന് കാരണമായതും സിഗ്‌നല്‍ സംവിധാനത്തിലെ വീഴ്‌ച തന്നെ.
മൈസൂരുവില്‍ നിന്ന് ദര്‍ഭംഗയിലേക്ക് പോകവെയാണ് ഭാഗമതി എക്‌സ്‌പ്രസ് അപകടത്തില്‍ പെടുന്നത്. ഗുഡ്‌സ് ട്രെയിന്‍ നിന്നിരുന്ന ലൂപ്പ് ലൈനിലേക്ക് അബദ്ധത്തില്‍ കയറിയതാണ് കൂട്ടിയിടിയ്‌ക്ക് കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.
'ഈ ട്രെയിന്‍ മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് ഗുഡൂര്‍, ആന്ധ്ര, ഒഡിഷ വഴി ദര്‍ഭംഗയിലേക്ക് പോകുകയായിരുന്നു. കവരൈപേട്ട സ്റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിരുന്ന ലൂപ്പ് ലൈനിലൂടെ പാസഞ്ചര്‍ ട്രെയിന്‍ കയറുകയായിരുന്നു' -ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ.
ചെന്നൈ ട്രെയിന്‍ അപകടത്തിന്‍റെ ചിത്രം (ETV Bharat) 'കവരൈപേട്ട സ്റ്റേഷിനില്‍ ഷെഡ്യൂള്‍ സ്റ്റോപ്പില്ലാത്ത ട്രെയിനാണിത്. അതിനാല്‍ തന്നെ മെയിന്‍ ലൈനിലൂടെ നിര്‍ത്താതെ കടന്ന് പോകണം. മെയിന്‍ ലൈനിലേക്ക് സിഗ്‌നലുകള്‍ നല്‍കിയിരുന്നു. എന്നിട്ടും ട്രെയിന്‍ ലൂപ്പ് ലൈനില്‍ പ്രവേശിച്ചത് അസാധാരണം' -സിങ് കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
ബാലസോര്‍ ദുരന്തത്തിന് പിന്നാലെ പുറത്തുവന്നതും സിഗ്‌നല്‍ സംവിധാനത്തിലെ പിഴവ് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. സിഗ്‌നലിങ് സംവിധാനത്തിലെ ഗുരുതരമായ പിഴവുകൾ സംബന്ധിച്ച് നേരത്തെ സൂചനകളുണ്ടായിരുന്നു എന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നു. അതേ വര്‍ഷം ഫെബ്രുവരി ഒൻപതിന് റെയില്‍വേ സൗത്ത് വെസ്റ്റേൺ സോൺ ചീഫ് ഓപ്പറേറ്റിങ് മാനേജർ ഇത് സംബന്ധിച്ച് റെയില്‍വേയ്ക്ക് കത്ത് നല്‍കിയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സ്റ്റേഷൻ മാസ്റ്റർമാർ, ലോക്കോ പൈലറ്റുമാർ എന്നിവരെ ഇത് സംബന്ധിച്ച് ബോധവത്‌കരിക്കണമെന്നും സിഗ്‌നല്‍ സംവിധാനത്തിലെ പിഴവുകൾ അടിയന്തരമായി പരിഹരിക്കണമെന്നും ചീഫ് ഓപ്പറേറ്റിങ് മാനേജർ നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ നടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് ബാലസോർ അപകടം നല്‍കുന്ന സൂചന.
Also Read: ബാലസോറിന് മുൻപ് രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ, ഓർമയില്‍ പെരുമണും കടലുണ്ടിയും