ന്യൂഡൽഹി:വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശില്‍ തെലുഗുദേശം പാർട്ടി എൻഡിഎയിലേക്ക് മടങ്ങിവരാൻ സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ. തെലുഗുദേശം പാർട്ടി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവും ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാണും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്‌ച നടത്തി. ചൊവ്വാഴ്‌ച ഡൽഹിയിൽ വച്ചായിരുന്നു നേതാക്കളുമായുളള കൂടിക്കാഴ്‌ച.
ആന്ധ്രാപ്രദേശിൽ വരുന്ന ലോക്‌സഭ- നിയമസഭ തെരഞ്ഞെടുപ്പുകളിൽ തെലുഗുദേശം പാർട്ടി ദേശീയ ജനാധിപത്യ സഖ്യത്തിൽ (NDA) ചേരാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2018 വരെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമായിരുന്നു തെലുഗുദേശം പാർട്ടി.
2019 തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം സഖ്യം പുനരുജ്ജീവിപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രാദേശിക പാർട്ടികളും ബിജെപിയും തമ്മിൽ ത്രികക്ഷി സഖ്യത്തെ കുറിച്ചുളള ചർച്ചകളും നടക്കുന്നുണ്ട്. എൻഡിഎയിൽ അംഗമായിരുന്ന നടൻ പവൻ കല്യാണിന്‍റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി ഇതിനകം തെലുഗുദേശം പാർട്ടിയുമായി കൈകോർത്തിട്ടുണ്ട്.
ആന്ധ്രയില്‍ 25 ലോക്‌സഭ സീറ്റുകളും 175 നിയമസഭ സീറ്റുകളുമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ മൂന്നാം തവണയും അധികാരത്തിലെത്താനാണ് എൻഡിഎ സഖ്യം ലക്ഷ്യമിടുന്നത്. സ്വന്തമായി 370 സീറ്റുകളും സഖ്യകക്ഷികളുമായി ചേർന്ന് 400 സീറ്റുകളും നേടുക എന്നതാണ് എൻഡിഎയുടെ ലക്ഷ്യം. ആന്ധ്രപ്രദേശില്‍ നിലവില്‍ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപിയാണ് അധികാരത്തിലുള്ളത്.