റാഞ്ചി : ഹേമന്ത് സോറന്‍റെ അറസ്റ്റ് ഉറപ്പായപ്പോള്‍ തന്നെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇഡിയുടെ അറസ്റ്റിന് തൊട്ടുമുമ്പാണ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദം രാജി വച്ചത് (Champai Soren to become CM). ഭാര്യ കല്‍പ്പനയെ മുഖ്യമന്ത്രി കസേരയില്‍ അവരോധിക്കണമെന്നായിരുന്നു ഹേമന്ത് സോറന്‍റെ ആഗ്രഹം. എന്നാല്‍ എംഎല്‍എ പോലുമല്ലാത്ത കല്‍പ്പന ഈ പദവിയിലേക്ക് എത്തുന്നതിനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും ആരും പിന്തുണച്ചില്ല.
മുഖ്യമന്ത്രിക്കസേരയ്ക്ക് അവകാശവാദവുമായി ഇളയ സഹോദരന്‍ ബസന്ത് സോറന്‍, അന്തരിച്ച മൂത്തസഹോദരന്‍റെ ഭാര്യ സീത സോറന്‍ എന്നിവര്‍ രംഗത്ത് എത്തിയതോടെ ചര്‍ച്ചകള്‍ ത്രിശങ്കുവിലായി(Jharkhands new chief-minister). ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) സ്ഥാപകനും ഹേമന്ത് സോറന്‍റെ പിതാവുമായ ഷിബു സോറന്‍ ബസന്തിനെ പിന്തുണച്ചു. ബസന്തിനെയോ സീതയെയോ മുഖ്യമന്ത്രിയാക്കാന്‍ വിമുഖത കാട്ടിയ ഹേമന്ത് ഒടുവില്‍ ചമ്പയ് സോറനെ തെരഞ്ഞെടുക്കുകയായിരുന്നു.
ജെഎംഎമ്മിന്‍റെ മുതിര്‍ന്ന നേതാവും ഹേമന്ത് സോറന്‍റെ വിശ്വസ്‌തനുമായ ചമ്പയ് സോറന്‍ 2005 മുതല്‍ എംഎല്‍എയും നിലവില്‍ ഗതാഗത മന്ത്രിയുമാണ്. ചമ്പയ് സോറനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് 48 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ജനങ്ങളുടെ ഇടയില്‍ നല്ല സ്വാധീനമുള്ള 67കാരനായ ചമ്പയ് സോറന്‍ ജാര്‍ഖണ്ഡിലെ സെറായ്കേല ഖരസ്വാന്‍ ജില്ലയിലെ സെറായ്കേല മണ്ഡലത്തെയാണ് നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. ജെഎംഎം ഉപാധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം.
ജാര്‍ഖണ്ഡ് കടുവ എന്ന വിളിപ്പേരുള്ള ചമ്പയ് സോറന്‍ സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ്. 1956ല്‍ ഝാര്‍ഖണ്ഡിലെ സെരായ്കേല ഖരസ്വാന്‍ ജില്ലയിലെ ജിലിംഗ്‌ഗോഗ്ര ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്‍റെ ജനനം. കര്‍ഷകനായിരുന്നു പിതാവ്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹത്തിന് ഏഴ് മക്കളുണ്ട്. ഹേമന്ത് സോറന്‍റെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ലാത്ത നേതാവ് കൂടിയാണ് ഇദ്ദേഹം.
ജെഎംഎം നേതാവ് ഷിബുസോറന്‍റെയും മകന്‍ ഹേമന്ത് സോറന്‍റെയും വിശ്വസ്‌തനാണ് ചമ്പയ്. ഹേമന്ത് സോറന്‍ സര്‍ക്കാരില്‍ ഗതാഗതത്തിന് പുറമെ പട്ടികജാതി പട്ടികവര്‍ഗ മറ്റ് പിന്നാക്ക ക്ഷേമ വകുപ്പുകള്‍ കൂടി ഇദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. രണ്ട് പതിറ്റാണ്ടായി ഒരേ മണ്ഡലത്തെ തന്നെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.