ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വൻ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രോഡ്‌കാസ്‌റ്റിങ് സർവീസസ് (റെഗുലേഷൻ) ബിൽ 2024 സർക്കാർ പിൻവലിച്ചു. കരട് ബില്‍ പിന്‍വലിച്ചതായും കൂടുതല്‍ ചർച്ചകൾക്ക് ശേഷം പുതിയത് പുറത്തിറക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയം (എംഐബി) അറിയിച്ചു. ദ ന്യൂസ് ബ്രോഡ്‌കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷന്‍റെ സമ്മർദമാണ് കരട് പിൻവലിക്കാന്‍ കാരണമായത് എന്ന് വൃത്തങ്ങൾ പറയുന്നു.
കരടിന് മറുപടിയായി വിവിധ സംഘടനകളിൽ നിന്ന് നിരവധി ശുപാർശകളും അഭിപ്രായങ്ങളും സർക്കാരിന് ലഭിച്ചിരുന്നു. നിർദേശങ്ങളും ഫീഡ്‌ബാക്കും നൽകാനുള്ള സമയം 2024 ഒക്‌ടോബർ 15 വരെ സർക്കാർ നീട്ടിയിരുന്നു. ബിൽ പിൻവലിച്ചതായി എംഐബി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബ്രോഡ്‌കാസ്‌റ്റിങ് ബില്ലിന്‍റെ പുതിയ കരട് തയ്യാറാക്കുന്നതിനായി സർക്കാർ കൂടുതൽ കൂടിയാലോചനകൾ നടത്തുമെന്ന് തിങ്കളാഴ്‌ച വൈകുന്നേരം മന്ത്രാലയം അറിയിച്ചിരുന്നു.