ഹൈദരാബാദ് :അന്താരാഷ്‌ട്ര വനിത ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു (Centre Reduces LPG Cylinder Prices By Rs 100 On International Women's Day). 100 രൂപയാണ് കുറച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് വിലക്കുറവ് പ്രഖ്യാപിച്ചത്.
സ്‌ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കുമെന്നും താങ്ങാനാവുന്ന വിലയില്‍ പാചക വാതകം ലഭ്യമാകുന്നതോടെ കുടുംബങ്ങളിലെ ക്ഷേമവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള പാവപ്പെട്ട സ്‌ത്രീകൾക്ക് എൽപിജി സിലിണ്ടർ സബ്‌സിഡിക്ക് 300 രൂപയാക്കി ഏപ്രിൽ 1 മുതൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് നീട്ടുമെന്ന് കേന്ദ്രസർക്കാർ വ്യാഴാഴ്‌ച (07-03-2024) പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ കേന്ദ്രം 14.2 കിലോ സിലിണ്ടറിന് 200 രൂപയിൽ നിന്ന് 300 രൂപയായി ഉയർത്തിയിരുന്നു. മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ സിലിണ്ടറിന് 300 രൂപയായിരുന്നു സബ്‌സിഡി.
അന്താരാഷ്‌ട്ര വനിത ദിനത്തിൽ വെള്ളിയാഴ്‌ച (08-03-2024) പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. 'ഞങ്ങളുടെ നാരീശക്തിയുടെ ശക്തി, ധൈര്യം, പ്രതിരോധശേഷി എന്നിവയെ അഭിവാദ്യം ചെയ്യുന്നു, വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നു' -അദ്ദേഹം പറഞ്ഞു. 'വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി, സാങ്കേതികവിദ്യ എന്നിവയും അതിലേറെയും സംരംഭങ്ങളിലൂടെ സ്‌ത്രീകളെ ശാക്തീകരിക്കാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്,' -എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ സർക്കാരിന്‍റെ നേട്ടങ്ങളിലും ഇത് പ്രതിഫലിക്കുന്നു, എന്നും മോദി കൂട്ടിച്ചേർത്തു.