ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയിൽ വൻതോതിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന വാദവുമായി സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി കേന്ദ്ര സർക്കാർ. ഐഐടി-മദ്രാസിൽ നിന്നുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ വാദം. വലിയ രീതിയിലുള്ള ദുരുപയോഗത്തിൻ്റെ സൂചന ഇല്ലെന്നും അസ്വാഭാവികതയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
2024 ലെ നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും. നീറ്റ്-യുജി സംബന്ധിച്ച ഡാറ്റയുടെ സമഗ്രവും വിപുലവുമായ സാങ്കേതിക മൂല്യനിർണയം, മാർക്ക് വിതരണം, നഗരം - കേന്ദ്രം തിരിച്ചുള്ള റാങ്ക് തുടങ്ങിയ പാരാമീറ്ററുകൾ ഉപയോഗിച്ച് മദ്രാസിലെ ഐഐടിയാണ് പരീക്ഷ നടത്തിയതെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ അറിയിച്ചു.
ഏതൊരു വലിയ തോതിലുള്ള പരീക്ഷയിലും ദൃശ്യമാകുന്ന 'ബെൽ കർവ് ഗ്രേഡി'ങ്ങാണ് മാർക്ക് വിതരണത്തിൽ പിന്തുടർന്നതെന്നും അസാധാരണതയൊന്നുമില്ലെന്നും ഐഐടി-മദ്രാസിലെ വിദഗ്‌ധരുടെ കണ്ടെത്തലുകൾ ഉദ്ധരിച്ച് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു. അസാധാരണമായ എന്തെങ്കിലും സൂചനകൾ ഉണ്ടോ എന്ന് കണ്ടെത്താൻ 2023ലും 2024ലും രണ്ട് വർഷത്തേക്ക് നഗരം തിരിച്ചും കേന്ദ്രം തിരിച്ചും വിശകലനം നടത്തിയതായും അതിൽ കൂട്ടിച്ചേർത്തു. അസാധാരണമായ സ്‌കോറുകളിലേക്ക് നയിക്കുന്ന വൻതോതിലുള്ള ക്രമക്കേടിൻ്റെ സൂചനകളില്ലെന്നും പ്രാദേശികവൽക്കരിച്ച ഒരു കൂട്ടം ഉദ്യോഗാർഥികൾക്ക് പ്രയോജനം ലഭിച്ചില്ലെന്നും വിശകലനത്തിൽ പറയുന്നതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വിദ്യാർഥികൾക്ക് 550 മുതൽ 720 വരെയുള്ള മാർക്കിൽ മൊത്തത്തിലുള്ള വർധനയുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. 'നഗരങ്ങളിലും കേന്ദ്രങ്ങളിലും ഉടനീളം ഈ വർധനവ് കാണപ്പെടുന്നു. സിലബസിൽ 25% കുറവ് വരുത്തിയതാണ് ഇതിന് കാരണം. കൂടാതെ, ഉദ്യോഗാർഥികൾ ഉയർന്ന മാർക്ക് നേടുന്നത് ഒന്നിലധികം നഗരങ്ങളിലും ഒന്നിലധികം കേന്ദ്രങ്ങളിലും വ്യാപിച്ചുകിടക്കുന്നു, അതുകൊണ്ടുതന്നെ ദുരുപയോഗത്തിനുള്ള സാധ്യത വളരെ കുറവാണ്' എന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.