ന്യൂഡല്‍ഹി:സ്റ്റുഡന്‍റ്സ് ഇസ്‌ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഭാരതത്തിന്‍റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം എക്‌സില്‍ കുറിച്ചത് (Students Islamic Movement of India (SIMI).
രാജ്യത്തിന്‍റെ സമാധാനത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും ഭംഗം വരുത്തുന്നതില്‍ സ്റ്റുഡന്‍റ്സ് ഇസ്‌ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യക്ക് വലിയ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇതാണ് നിരോധനം നീട്ടാനുള്ള കാരണമെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു. ഭീകരതയ്‌ക്കെതിരെ സഹിഷ്‌ണുതയില്ലാത്ത നടപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളുന്നതെന്നും അമിത് ഷാ പറഞ്ഞു (Union Home Minister Amit Shah).
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന പ്രത്യേക വകുപ്പുകള്‍ പ്രകാരമാണ് സിമിയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂട്ടി നീട്ടിയത്. അടുത്ത അഞ്ച് വർഷത്തേക്ക് 'അൺലോഫുൾ അസോസിയേഷൻ' ആയി സിമിയെ പ്രഖ്യാപിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ പറഞ്ഞു. 2001ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണക്കാലത്താണ് സ്റ്റുഡന്‍റ്സ് ഇസ്‌ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യക്ക് ആദ്യമായി നിരോധിക്കപ്പെട്ടത്. അതിന് ശേഷം ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും സംഘടനയുടെ നിരോധനം നീട്ടുകയായിരുന്നു (SIMI's Ban Extended).
ഗയ സ്‌ഫോടന കേസ്, ചിന്നസ്വാമി സ്റ്റേഡിയം സ്‌ഫോടന കേസ് തുടങ്ങി സിമിയിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട 58 കേസുകളാണ് സംഘടനയുടെ നിരോധനത്തിന് കാരണമായത്. ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സിമിയെന്ന സംഘടന 1977ലാണ് ആരംഭിച്ചത്. എന്നാല്‍ പിന്നീട് ജമാഅത്തെ ഇസ്‌ലാമിയുമായി സിമിയുടെ ബന്ധം വേര്‍പ്പെടുത്തിയിരുന്നു.