ബെംഗളൂരു : പൂച്ചയെ ബന്ദിയാക്കിയെന്നാരോപിച്ച് ചുമത്തിയ അപൂർവ ക്രിമിനൽ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ താഹ ഹുസൈൻ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. പൊലീസ് ഇത്തരം നിസാര കേസുകൾ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതിൽ ജസ്റ്റിസുമാർ ആശ്ചര്യം പ്രകടിപ്പിച്ചു.
പൂച്ചയെ കാണാനില്ലെന്ന് പരാതിപ്പെട്ടാൽ പൊലീസ് അത് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുന്നത് വിരോധാഭാസമാണെന്ന് ബെഞ്ച് പറഞ്ഞു. ഇതനുസരിച്ച്, കേസിലെ നാലാം അഡിഷണൽ സിവിൽ, ജെഎംഎഫ്‌സി കോടതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്യാൻ ബെഞ്ച് ഉത്തരവിട്ടു. കൂടാതെ അപേക്ഷ സംബന്ധിച്ച് സർക്കാരിന് നോട്ടിസ് നൽകിയിട്ടുണ്ട്.
'പൂച്ചകൾ ജനലിലൂടെ വീട്ടിനുള്ളിൽ വരികയും പോകുകയും ചെയ്യുന്നത് സ്വാഭാവിക പ്രക്രിയയാണ്. ഇത്രയും നിസാരമായ കുറ്റം ചുമത്തി തുടർനടപടികൾ അനുവദിക്കുന്നത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ തടസപ്പെടുത്തും. അതിനാൽ, ഹർജിക്കാരനെതിരെ രജിസ്റ്റർ ചെയ്‌ത കേസിന്‍റെ തുടർ ജുഡീഷ്യൽ നടപടികൾ സ്റ്റേ ചെയ്യണമെ'ന്ന് ഹര്‍ജിക്കാരന് വേണ്ടി വാദിച്ച അഭിഭാഷകൻ പറഞ്ഞു. ഈ ന്യായം പരിഗണിക്കുന്ന ബെഞ്ച്, ഇത്തരം നിസാരമായ കേസ് തുടരാൻ അനുവദിച്ചാൽ, ക്രിമിനൽ നീതിന്യായ വ്യവസ്ഥ തകരുമെന്ന് അഭിപ്രായപ്പെട്ടു.