പൂനെ : മഹാരാഷ്‌ട്ര കേഡറിലെ വിവാദ ഐഎഎസ് പ്രൊബേഷനറി ഓഫിസര്‍ പൂജ ഖേദ്‌കറിന്‍റെ ഐഎഎസ് റദ്ദാക്കാന്‍ നടപടികള്‍ തുടങ്ങി. പൂജ യുപിഎസ്‌സി പരീക്ഷ പാസായ ശേഷം സംവരണാനുകൂല്യത്തിനായി വ്യാജ ഭിന്നശേഷി - നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതായി കണ്ടെത്തി.
ഭിന്നശേഷി സര്‍ട്ടിഫിക്കറ്റില്‍ ഇവരെ ആറ് തവണ വൈദ്യ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഹാജരായില്ല. മികച്ച സാമ്പത്തിക ശേഷിയുള്ള പൂജ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. ഇതില്‍ യുപിഎസ്‌സി പൂജയ്‌ക്കെതിരെ കേസെടുത്തു. ഇത് സംബന്ധിച്ച് യുപിഎസ്‌സി വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്. യുപിഎസ്‌സി വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കേസ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും തുടങ്ങിയിട്ടുണ്ട്.
പേരിലടക്കം കൃത്രിമത്വം നടത്തിയാണ് പൂജ തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അച്‌ഛന്‍റെയും അമ്മയുെടയും പേരിലടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇവരുടെ ഫോട്ടോ, ഒപ്പ്, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം എന്നിവയിലും കൃത്രിമത്വം നടത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ ചുമത്താന്‍ യുപിഎസ്‌സി തീരുമാനിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
ഇതിന് പുറമെ ഇവരുടെ ഐഎഎസ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 2022ലെ പരീക്ഷ ഫലം റദ്ദാക്കുന്നതിന് പുറമെ ഭാവിയില്‍ ഇവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷകളില്‍ പങ്കെടുക്കാനും വിലക്കേര്‍പ്പെടുത്തിയേക്കും. മറ്റ് പരീക്ഷകളില്‍ പങ്കെടുക്കാനും വിലക്കുണ്ടായേക്കും. യുപിഎസ്‌സി അടക്കമുള്ള പരീക്ഷകളുടെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി എന്നും യുപിഎസ്‌സി വ്യക്തമാക്കി. പരീക്ഷകളുടെ വിശ്വാസ്യതയില്‍ വെള്ളം ചേര്‍ക്കില്ലെന്നും യുപിഎസ്‌സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.