ന്യൂഡൽഹി: രാജ്യത്തെ എഞ്ചിനീയറിങ് പൊതുപ്രവേശന പരീക്ഷയായ ജെഇഇയ്ക്ക് തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കുള്ള അഡ്‌മിറ്റ് കാര്‍ഡുകള്‍ ഉടന്‍ ലഭ്യമായിത്തുടങ്ങും (JEE Main Admit cards). ശനിയാഴ്‌ച മുതല്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും എന്നാണ് പ്രതീക്ഷ. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പൊതുപ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നത്.
ജെഇഇ മെയിന്‍ പരീക്ഷയുടെ സെക്ഷന്‍ ഒന്നിനുള്ള അഡ്‌മിറ്റ് കാര്‍ഡുകളാണ് ഉടന്‍ ലഭിക്കുക. രജിസ്റ്റര്‍ ചെയ്‌ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജെഇഇ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് അഡ്‌മിറ്റ് കാര്‍ഡുകള്‍ ലഭിക്കും. രാജ്യത്തെ വിവിധ പരീക്ഷ കേന്ദ്രങ്ങളില്‍ ജനുവരി 24, 27, 29, 30, ഫെബ്രുവരി ഒന്ന് തീയതികളിലാണ് ഒന്നാം സെഷനിലെ പരീക്ഷ നടക്കുക.
ഒന്നാം പേപ്പര്‍ കമ്പ്യൂട്ടര്‍ ബേസ്‌ഡ് രൂപത്തിലാവും. പേപ്പര്‍ 2 A രണ്ട് തരത്തിലാവും. പാര്‍ട്ട് 1, പാര്‍ട്ട് 2 എന്നിവ കമ്പ്യൂട്ടര്‍ മോഡിലാവും. പാര്‍ട്ട് 3 എഴുത്തു പരീക്ഷയാവും.
പേപ്പര്‍ 2B വീണ്ടും കമ്പ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷയാവും. പരീക്ഷയ്ക്ക് കൃത്യം 3 ദിവസം മുമ്പ് തൊട്ട് ഔദ്യോഗിക വെബ് സൈറ്റുകളില്‍ നിന്ന് അഡ്‌മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
- jeemain.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിക്കുക.
- ഹോം പേജില്‍ ജെഇഇ അഡ്‌മിറ്റ് കാര്‍ഡ് സെഷന്‍ 1 ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ ലഭിക്കുന്ന പുതിയ പേജില്‍ പരീക്ഷാര്‍ഥികള്‍ അവരുടെ ലോഗിന്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം.
- പരീക്ഷാര്‍ഥികളുടെ അപേക്ഷ നമ്പറും ജനന തീയതിയും ശ്രദ്ധയോടെ നല്‍കണം.
- സബ്‌മിറ്റ് ക്ലിക്ക് ചെയ്‌താല്‍ അഡ്‌മിറ്റ് കാര്‍ഡ് കാണാം.
- അഡ്‌മിറ്റ് കാര്‍ഡ് സൂക്ഷ്‌മമായി പരിശോധിച്ച ശേഷം ഡൗണ്‍ലോഡ് ചെയ്യുക. ഭാവിയിലുള്ള ആവശ്യങ്ങള്‍ക്ക് അതിന്‍റെ ഹാര്‍ഡ് കോപ്പി സൂക്ഷിച്ചുവയ്‌ക്കുക.
- പരീക്ഷ നടക്കുന്ന നഗരങ്ങളെക്കുറിച്ചും പരീക്ഷ കേന്ദ്രങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. പരീക്ഷ തീയതി, റിപ്പോര്‍ട്ടിങ് സമയം, ഷിഫ്റ്റ് സമയം, പ്രത്യേക നിര്‍ദേശങ്ങള്‍ എന്നിവ അഡ്‌മിറ്റ് കാര്‍ഡിലുണ്ടാവും.
- കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കാം.