കൊല്‍ക്കത്ത:നരേന്ദ്രമോദി ജനങ്ങളില്‍ നിന്നൊരു വാഗ്‌ദാനം സ്വന്തമാക്കിയിരുന്നു. പശ്ചിമ ബംഗാളിലെ എല്ലാ ലോക്‌സഭ സീറ്റുകളും തനിക്ക് സമ്മാനിക്കുമെന്നൊരുറപ്പ് (Lok Sabha Polls 2024). മോദിയുടെ വലം കൈയ്യായ അമിത് ഷായ്ക്കുമുണ്ട് ഒരു ലക്ഷ്യം. പക്ഷേ അത് മോദിയുടെ അത്രത്തോളമില്ല അല്‍പ്പം കുറച്ച് അദ്ദേഹം അത് മുപ്പത്തഞ്ച് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഇത് നേടാനായി ഇരുവരും ഏതറ്റം വരെയും പോകുമെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇതവര്‍ക്ക് നേടാനാകുമോ? ഈ ചോദ്യമാണ് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപിയുടെ പ്രകടനം സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളിലെല്ലാം ഉയരുന്നത്. (Can BJP Stoke A Saffron Gale In Bengal With CAA?).
ഓരോ തെരഞ്ഞെടുപ്പിലും വോട്ടുകള്‍ നിശ്ചയിക്കുന്ന ഘടകങ്ങള്‍ മാറി മറിയുന്നത് സ്വാഭാവികമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്ന മാതൃകയിലാകില്ല ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംഭവിക്കുക. ബിജെപിക്ക് ഇതെല്ലാം നന്നായി അറിയുകയും ചെയ്യാം. അത് കൊണ്ടു തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന തുറുപ്പുഗുലാന്‍ മാത്രമല്ല കാവിപ്പാര്‍ട്ടി സംസ്ഥാനത്ത് ഇറക്കാന്‍ കരുതിയിട്ടുള്ളത്.
മോദി പ്രഭാവത്തെക്കാള്‍ വലിയ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ 2019 ലെ പതിനെട്ട് സീറ്റ് ആവര്‍ത്തിക്കാനോ അതില്‍ കൂടുതല്‍ സ്വന്തമാക്കാനോ തങ്ങള്‍ക്ക് സാധിക്കൂ എന്ന് ഇവര്‍ തിരിച്ചറിയുന്നുണ്ട്. പൗരത്വ നിയമഭേദഗതി നടപ്പാക്കിയത് 'മത്വ' ജനവിഭാഗത്തിനിടയില്‍ ഉണ്ടാക്കിയ സ്വാധീനം പോലെ തന്നെ പരമപ്രധാനമാണ് സംസ്ഥാത്തെ ക്രമസമാധാന നിലയെന്നും ഇവര്‍ തിരിച്ചറിയുന്നുണ്ട്. പ്രത്യേകിച്ച് സന്ദേശ്ഖാലി സംഭവത്തിന് ശേഷം. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിലെ അഴിമതിയും സ്വജനപക്ഷപാതവും ഒരു വിഭാഗത്തിനിടയില്‍ അസംതൃപ്‌തിയുണ്ടാക്കുന്നുണ്ടെന്നത് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു. ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഇതൊക്കെ തങ്ങള്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
സിഎഎ വിജ്ഞാപനത്തോടെ ബംഗാളിലെ രാഷ്‌ട്രീയ ദുര്‍ഘടങ്ങള്‍ താണ്ടാന്‍ ചില വഴികള്‍ ഇവര്‍ തെളിച്ചു കഴിഞ്ഞു. റാണാഘട്ടിലെയും ബോണ്‍ഗാവിലെയും ലോക്‌സഭ സീറ്റുകള്‍ 2019ല്‍ നേടിയപ്പോള്‍ തന്നെ ബിജെപി ഇവിടുത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പാര്‍ട്ടിക്ക് അനുകൂലമായ കൃത്യമായ ഭൂരിപക്ഷമാണ് ജനങ്ങള്‍ സമ്മാനിച്ചത്. ഇത് ഇവിടുത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് ചിറകുകള്‍ സമ്മാനിക്കുമെന്നും അവര്‍ പ്രതീക്ഷിച്ചു. ഇവിടുത്തെ ഭൂരിപക്ഷ ജനവിഭാഗമായ മത്വാകള്‍ക്ക് പൗരത്വം എന്ന ഒരൊറ്റ ലക്ഷ്യത്തിനുമപ്പുറം മറ്റൊന്നുമില്ല. അതായിരുന്നു 2019ല്‍ ഇവിടെ നിന്ന് മൃഗീയ ഭൂരിപക്ഷം നേടാന്‍ ബിജെപിയെ സഹായിച്ചത്.
നാമശൂദ്ര അഥവ ദളിത് സമൂഹത്തിലെ ഒരു ഹിന്ദു വിഭാഗമാണ് മത്വാകള്‍. ഹരിചന്ദ് ഠാക്കൂര്‍ ആണ് ഇവരുടെ നേതാവ്. ബംഗ്ലാദേശിലെ ഫരീദ്‌പൂരാണ് ഇവരുടെ ജന്മദേശം. എന്നാല്‍ വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് കുടിയേറി. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ ഠാക്കൂര്‍ നഗറിലേക്ക് തങ്ങളുടെ ആസ്ഥാനം മാറ്റി. തൊട്ടുകൂടാത്തവരെ പുനരുദ്ധരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ ശക്തമായ നേതൃത്വം നല്‍കി. ഹരിചന്ദിന്‍റെ മരണത്തെ തുടര്‍ന്ന് നേതൃത്വം അദ്ദേഹത്തിന്‍റെ മകന്‍ ഗുരുചന്ദ് ഠാക്കൂര്‍ ഏറ്റെടുത്തു. ഈ ജനവിഭാഗത്തിന് കൂടുതല്‍ കരുത്തനായ ഒരു നേതാവിനെയാണ് ഇതിലൂടെ ലഭിച്ചത്.
ഇന്ത്യയുടെ നദീ, ഭൗമ അതിര്‍ത്തികളുള്ള ഈ മേഖലകളില്‍ നുഴഞ്ഞു കയറ്റം സര്‍വസാധാരണമാണ്. ഒരുപോലുള്ള ഭാഷയും ഭക്ഷണ ശീലങ്ങളും ആചാരങ്ങളും ജനവിഭാഗവും എല്ലാം ഇവിടെയുള്ളവരെയും നുഴഞ്ഞ് കയറ്റക്കാരെയും തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിച്ചു. രണ്ട് കോടിയോളം മത്വകള്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ അവരുടെ സംഘടയായ മത്വ മഹാസംഘയുടെ കണക്കുകള്‍ പ്രകാരം അഞ്ച് കോടിയാണ് അവരുടെ ജനസംഖ്യ. ആ സംഖ്യകള്‍ തമ്മിലുള്ള അന്തരം സംശയമുണ്ടാക്കുന്നുണ്ടെങ്കിലും ഒരു രാഷ്‌ട്രീയപാര്‍ട്ടിയും ഒരിക്കലും ഇവരെ അവഗണിക്കാറില്ല. എല്ലാവരും ഇവരുടെ പിന്തുണ ഉറപ്പാക്കാനും ശ്രദ്ധിക്കുന്നു. മത്വകളാണ് കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഇന്തോ-ബംഗ്ലാ അതിര്‍ത്തികളില്‍ പെട്ട രണ്ട് മണ്ഡലങ്ങളിലും 35 ലേറെ നിയമസഭാ മണ്ഡലങ്ങളിലും നിര്‍ണായകമായതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
ബിജെപിക്ക് വിജയം നേടാനായതോടെ ഇവര്‍ ഒരിക്കലും മത്വാകളുടെ പ്രശ്‌നങ്ങളോട് മുഖം തിരിച്ചിട്ടില്ല. സംസ്ഥാനത്ത് 2021 ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെ ഓരാകണ്ഡിയിലായിരുന്നു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം മോദി അന്ന് ആദ്യമായാണ് ഒരു വിദേശരാജ്യം സന്ദര്‍ശിച്ചത്. സംസ്ഥാനത്ത് എട്ട് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടമായ മാര്‍ച്ച് 27ന് പ്രധാനമന്ത്രി മത്വകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരിടം സന്ദര്‍ശിച്ചു. അവര്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന ഒരു ക്ഷേത്രം സന്ദര്‍ശിച്ച് ആരാധന നടത്തി. മത്വകളുടെ രക്ഷകനായ ഹരിചന്ദ് ഠാക്കൂറിന്‍റെ ജന്മദേശമാണ് ഓരാകണ്ഡി.