ന്യൂഡൽഹി :പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്ന് രാജ്യസഭാ എംപിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം. സിഎഎ നടപ്പാക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് ബിനോയ് വിശ്വം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചു. സിഎഎ വ്യവസ്ഥകൾ നമ്മുടെ ഭരണഘടനയുടെ മതേതര തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇന്ത്യൻ സമൂഹത്തിന്‍റെ ബഹുസ്വരതയ്ക്ക് എതിരായ നിയമം നടപ്പാക്കുന്നത് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐ ആദ്യ കാലഘട്ടം മുതൽ തന്നെ സിഎഎയെ ശക്തമായി എതിർക്കുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ല്- 2019 രാജ്യത്തെ മുസ്‌ലിംകളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുക എന്ന ഗുരു ഗോൾവാൾക്കറുടെ ഫാസിസ്റ്റ് ഉദ്ദേശം നിറവേറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് പാർലമെന്‍റിൽ നടന്ന ചർച്ചയിൽ വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ മതേതരത്വത്തിന്‍റെയും സമത്വത്തിന്‍റെയും മരണമണി എന്നാണ് സിഎഎയെ ഞാന്‍ വിശേഷിപ്പിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.