ന്യൂഡല്‍ഹി: മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ജവാന്‍മാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാനൊരുങ്ങി ബിഎസ്എഫ്. ജവാന്‍മാര്‍ക്കിടയില്‍ ആത്മഹത്യകളും ഭ്രാതൃഹത്യകളും (സഹ സൈനികരെ വധിക്കുന്ന പ്രവണത) വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി. ഈ മാസം ആദ്യം രാജ്യത്തെ എല്ലാ യൂണിറ്റുകളില്‍ നിന്നുമുള്ള മുന്നൂറ് ജവാന്‍മാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിക്കഴിഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് ഇവരുടെ മാനസികാരോഗ്യം വളരെ താഴ്‌ന്ന നിലയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
യാഥാര്‍ത്ഥ്യബോധമില്ലാതെ പെരുമാറുന്ന ഗുരുതര മാനസികാവസ്ഥയിലുള്ളവരെയാണ് സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇത് വ്യക്തിപരവും കുടുംബപരവും സാമൂഹ്യവും വിദ്യാഭ്യാസവും തൊഴില്‍പരവുമായ ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും ബാധിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
മേഘാലയയിലെ ടുരയില്‍ വിന്യസിച്ചിട്ടുള്ള ബിഎസ്എഫ് 55 ബറ്റാലിയനിലാണ് ഏറ്റവും കൂടുതല്‍ മാനസിക പ്രശ്‌നങ്ങളുള്ള ജവാന്‍മാരെ കണ്ടെത്തിയിരിക്കുന്നത്. എട്ടുപേര്‍ക്കാണ് മാനസികാസ്വസ്ഥ്യമുള്ളത്. 110 ബറ്റാലിയനില്‍ ഏഴ് പേര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ട്. ഇവര്‍ക്കാണ് വിരമിക്കല്‍ നോട്ടീസ് നല്‍കിയത്. പിരിച്ച് വിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.