ന്യൂഡൽഹി: പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളില്‍ സൈനികര്‍ക്ക് അതീവ ജാഗ്രതാ നിർദേശം നല്‍കി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്). ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍, പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം ഉണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിർദേശം നൽകിയത്.
'ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയിലാണ്. സാമൂഹിക വിരുദ്ധർ ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. അതിർത്തി പ്രദേശങ്ങളിലൂടെ സംശയാസ്‌പദമായ നീക്കങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ അതിർത്തികളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.'-ബിഎസ്എഫ് ഇൻസ്പെക്‌ടർ ജനറൽ സുർജിത് സിങ് ഗുലേരിയ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചേക്കാവുന്ന ഏതെങ്കിലും നിർദ്ദിഷ്‌ട റൂട്ട് ബിഎസ്എഫ് തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് ചോദ്യത്തിന്, അതിർത്തിയിലുടനീളം പട്രോളിങ് ശക്തമാക്കിയിട്ടുണ്ട് എന്നാണ് ഗുലേരിയ പറഞ്ഞത്. സാധാരണ നുഴഞ്ഞു കയറുന്ന വഴികളിലൂടെയൊക്കെ ഇവര്‍ നുഴഞ്ഞു കയറാൻ ശ്രമിച്ചേക്കാം. പശ്ചിമ ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളില്ലെല്ലാം അത്തരം പോയിന്‍റുകള്‍ ബിഎസ്എഫ് കണ്ടെത്തിയിട്ടുണ്ടെന്നും ഗുലേരിയ പറഞ്ഞു.
അസമിൽ 262 കിലോമീറ്ററും ത്രിപുരയിൽ 856 കിലോമീറ്ററും മിസോറാമിൽ 318 കിലോമീറ്ററും മേഘാലയയിൽ 443 കിലോമീറ്ററും പശ്ചിമ ബംഗാളിൽ 2217 കിലോമീറ്ററും ഉൾപ്പെടെ 4,096 കിലോമീറ്റർ വരുന്ന ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കാക്കാൻ ബിഎസ്എഫ് സജ്ജമാണെന്നും ഗുലേരിയ അറിയിച്ചു.