കേരളം

kerala

ETV Bharat / bharat

'തെറ്റ് ചെയ്‌തിട്ടില്ലെന്ന് രാജ്യത്തിന് മുഴുവൻ അറിയാം, നിരപരാധിത്വം തെളിയിക്കാൻ പോരാടും'; കെ കവിത - K Kavitha Talks To Public - K KAVITHA TALKS TO PUBLIC

തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കെ കവിതയ്ക്ക് സ്വീകരണമൊരുക്കി ബിആർഎസ് അംഗങ്ങള്‍. താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാൻ പോരാടുമെന്നും കവിത. ബിജെപിയുടെ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്ന് കെ ചന്ദ്രശേഖർ റാവു.

BAIL TO K KAVITHA  DELHI EXERCISE POLICY CASE  ഡല്‍ഹി മദ്യനയ അഴിമതി കേസ്  കെ കവിത ജാമ്യം
K Kavitha (ANI)

By ETV Bharat Kerala Team

Published : Aug 28, 2024, 10:42 AM IST

ന്യൂഡൽഹി :ജാമ്യം ലഭിച്ച് മണിക്കൂറുകൾക്ക് ശേഷം തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബിആർഎസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ കവിതയ്ക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി പാര്‍ട്ടി അംഗങ്ങള്‍. ഇന്നലെയാണ് (ജൂലൈ 27) മദ്യനയ അഴിമതിക്കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും സുപ്രീം കോടതി കവിതയ്‌ക്ക് ജാമ്യം അനുവദിച്ചത്. ഡൽഹി എക്‌സൈസ് പോളിസി കേസില്‍ പ്രതിയായി അഞ്ച് മാസമാണ് കവിത തിഹാര്‍ ജയിലില്‍ കഴിഞ്ഞത്.

ജയിലിന് പുറത്ത് തടിച്ചുകൂടിയ ബിആർഎസ് പ്രവർത്തകര്‍ ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് കവിതയുടെ വരവ് ആഘോഷിച്ചത്. തെലങ്കാനയിൽ നിന്നുള്ള ബിആർഎസ് പാർട്ടി എംഎൽഎമാരും എംപിമാരും മുൻ മന്ത്രിമാരും ആഘോഷത്തില്‍ പങ്കെടുത്തു. ജാമ്യം ലഭിച്ചതിന്‍റെ സന്തോഷം ഹൈദരാബാദിലെ പാർട്ടി ആസ്ഥാനത്ത് ബിആർഎസ് നേതാക്കൾ മധുരം വിതരണം ചെയ്‌ത് പങ്കിട്ടു.

തന്‍റെ നിരപരാധിത്വം തെളിയിക്കാൻ പോരാടുമെന്ന് ജയിലിന് പുറത്ത് പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും അഭിസംബോധന ചെയ്‌ത് കവിത പറഞ്ഞു. 'അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണ്. ഞാൻ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന് രാജ്യത്തിന് മുഴുവൻ അറിയാം. ഞാന്‍ നിരപരാധിയാണ്. ഞാൻ തെലങ്കാനയുടെ മകളാണ്. കെസിആറിൻ്റെ മകളാണ്. എനിക്ക് ഒരു തെറ്റും ചെയ്യാൻ കഴിയില്ല' എന്ന് കെ കവിത പറഞ്ഞു.

തന്‍റെ നിരപരാധിത്വം തെളിയിക്കാൻ നിയമപരമായും രാഷ്ട്രീയമായും പോരാടും. തന്നെയും കുടുംബത്തെയും ഈ കഠിന സാഹചര്യത്തിലൂടെ നടത്തിയവര്‍ക്ക് പലിശ സഹിതം തിരിച്ച് നല്‍കുമെന്നും കവിത പറഞ്ഞു. ഞങ്ങളെ നിയമവിരുദ്ധമായി ജയിലിലേക്ക് അയച്ചതിലൂടെ ബിആർഎസ്, കെസിആർ കൂട്ടുകെട്ട് തകര്‍ക്കാന്‍ കഴിയാത്ത വിധം ശക്തിപ്പെടുത്തുകയാണ് അവര്‍ ചെയ്‌തതെന്നും അവർ കൂട്ടിച്ചേര്‍ത്തു.

പകപോക്കാനാണ് ബിജെപി കവിതയെ അറസ്റ്റ് ചെയ്‌തതെന്ന് ബിആർഎസ് സ്ഥാപകനും കവിതയുടെ പിതാവുമായ കെ ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. നീതി വിജയിച്ചു. സുപ്രീം കോടതിക്ക് നന്ദി എന്ന് കവിതയുടെ സഹാദരന്‍ കെ ടി രാമറാവുവും കവിതയ്‌ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ എക്‌സിൽ കുറിച്ചു.

കേസില്‍ അടുത്ത കാലത്ത് വിചാരണ ആരംഭിക്കാനുള്ള സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക്‌ ജാമ്യം അനുവദിച്ചതും ജാമ്യാപേക്ഷ പരിഗണിക്കവേ സുപ്രീം കോടതി നിരീക്ഷിച്ചു. കേസിൽ അന്വേഷണം പൂർത്തിയായെന്നും ഇനിയും കസ്റ്റഡി ആവശ്യമില്ലെന്നും ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

കവിതയ്ക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. സിബിഐ, ഇഡി കേസുകളിൽ കവിതയെ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മദ്യനയ അഴിമതിക്കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്‌ത് കവിത നൽകിയ ഹർജികളിൽ ഓഗസ്റ്റ് 12ന് സുപ്രീം കോടതി സിബിഐയോടും ഇഡിയോടും പ്രതികരണം തേടിയിരുന്നു. മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ച് കേന്ദ്ര ഏജൻസികൾ കവിതക്കെതിരെ പ്രത്യേകം കേസുകൾ ഫയൽ ചെയ്‌തിരുന്നു.

മാർച്ച് 15നാണ് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്ന് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 11ന് തിഹാർ ജയിലിൽ നിന്ന് സിബിഐ അവരെ അറസ്റ്റ് ചെയ്‌തു. മദ്യം വിൽക്കുന്നതിനുള്ള ലൈസൻസിന് പകരമായി ഡൽഹി ഭരിക്കുന്ന എഎപിക്ക് 100 കോടി രൂപ നൽകിയെന്ന് ആരോപിച്ചാണ് അറസ്റ്റ്.

Also Read:മദ്യനയ അഴിമതി കേസ്; ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം

ABOUT THE AUTHOR

...view details