ഡൽഹി: മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച നോട്ടീസ് പിൻവലിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ട് ബിആർഎസ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കെ കവിത. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിആർപിസി സെക്ഷൻ 41-എ പ്രകാരം സി ബി ഐ കവിതയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
തിങ്കളാഴ്ച്ച സിബിഐ ആസ്ഥാനത്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനായിരുന്നു തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾക്ക് ലഭിച്ച നിർദേശം. ഇത് സംബന്ധിച്ച് സി ബി ഐ ഇവർക്ക് നേരത്തെ കത്തയച്ചിരുന്നു.
എന്നാൽ പാർലമെൻ്റ് തിരഞ്ഞെടുപ്പ് സമയമായതിനാൽ സംസ്ഥാനത്ത് തന്‍റെ സാന്നിധ്യം ആവശ്യമാണെന്നും അതിനാൽ സിബിഐ ആസ്ഥാനത്ത് ഹാജരാകാനുള്ള നോട്ടീസ് റദ്ദാക്കണമെന്നും അന്വേഷണ ഏജൻസിയ്ക്ക് കവിത അയച്ച കത്തിൽ പറയുന്നു.
2.12.2022 ന് ലഭിച്ചതും ഇതിനോടകം പാലിച്ചതുമായ സെക്ഷൻ 160 Cr.PC പ്രകാരമുള്ള മുൻ നോട്ടീസിന് പൂർണ്ണമായി വിരുദ്ധമാണ് ഇപ്പോൾ തനിയ്ക്ക് ലഭിച്ച 41A Cr.PC പ്രകാരമുള്ള നോട്ടിസ് എന്ന് ബിആർഎസ് നേതാവ് സിബിഐക്ക് അയച്ച കത്തിൽ പറയുന്നു.
എങ്ങനെ, എന്തുകൊണ്ട്, ഏത് സാഹചര്യത്തിലാണ് നിങ്ങൾ ഇപ്പോൾ സെക്ഷൻ 41A CrPC ഉൾപ്പെടുത്തിയത്. ഇതിന് യുക്തിയോ കാരണമോ പശ്ചാത്തലമോ ഇല്ലെന്നും കവിത ചൂണ്ടിക്കാട്ടുന്നു. 2022 ഡിസംബറിലാണ് നേരത്തെ കവിത സി ബി ഐയുടെ ചോദ്യം ചെയ്യലിലാണ് വിധേയയായത്. ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്.