ന്യൂഡല്‍ഹി :പരസ്‌പര സമ്മതത്തോടെയുള്ള പ്രണയവും ലൈംഗിക ബന്ധവും വിവാഹത്തിലെത്തിച്ചേരാതെ വന്നാല്‍ അതിനെ ക്രിമിനല്‍ കേസായി കണക്കാക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഡല്‍ഹി സ്വദേശിയുടെ പരാതിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. വിവാഹ വാഗ്‌ദാനം നല്‍കിയതിന് തെളിവില്ലെന്നും പരസ്‌പര സമ്മതത്തോടെയുള്ള ബന്ധത്തിന് യുവാവിനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, എൻ കോട്ടിശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
2019ല്‍ യുവതി നല്‍കിയ പരാതിയാണ് ബുധനാഴ്‌ച വിധി പറഞ്ഞത്. ഇരുവരും ഇപ്പോള്‍ വേറെ വിവാഹം കഴിച്ചതായും വിദ്യാസമ്പന്നരായ ഇരുവരുടെയും ബന്ധം അന്ന് ഉഭയ സമ്മതത്തോടെയുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്‌ദാനം നൽകി സ്‌ത്രീയെ ആവർത്തിച്ച് ബലാത്സംഗം ചെയ്‌തു എന്ന കേസ് യുവാവിനെതിരെ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുവാവിനെതിരായ ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. യുവതിയെ അപായപ്പെടുത്താൻ ശ്രമിക്കുകയോ വ്യക്തി ജീവിതത്തെ ബാധിക്കുന്ന വിധം ഭീഷണിപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്നും ഇരുവരും വേറെ വിവാഹം കഴിച്ച് പുതിയ ജീവിതം ആരംഭിച്ചതായും ജസ്റ്റിസ് ബിവി നാഗരത്‌ന പറഞ്ഞു. അതിനാൽ, പരാതിക്കാരനെതിരെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ കേസ് നിലനില്‍ക്കില്ല.
ഐപിസി സെക്ഷൻ 376 (2) (എൻ) (ആവർത്തിച്ചുള്ള ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമുള്ള കുറ്റകൃത്യം റദ്ദാക്കുകയും യുവാവിനെ വെറുതെ വിടുകയും ചെയ്‌തു. കൂടാതെ സിആർപിസി സെക്ഷൻ 482 പ്രകാരമുള്ള കേസ് കോടതിയെ തെറ്റിധരിപ്പിക്കും വിധമുള്ളതാണെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ കേസ് തള്ളുന്നതായും ബെഞ്ച് പറഞ്ഞു. നേരത്തെ രജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ കേസ് തള്ളിയത് പ്രകാരമാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം ലൈംഗിക ചൂഷണത്തിന് ഇരയായവരുടെ സംരക്ഷത്തിനും പുനരധിവാസത്തിനും പരിചരണത്തിനും ഊന്നല്‍ നല്‍കുന്ന നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടാകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു നിയമവും രാജ്യത്ത് നിലവിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സമഗ്രമായ പുനരധിവാസ ചട്ടങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടതിന്‍റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടും സുപ്രീം കോടതി ആരാഞ്ഞു. ലൈംഗിക ചൂണഷത്തിന് ഇരയായവര്‍ക്ക് വേണ്ടി 2015ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍മേലുള്ള ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. ഹര്‍ജി അതീവ പ്രാധാന്യമുള്ളതാണെന്ന് ജസ്‌റ്റിസുമാരായ ജെ ബി പര്‍ദിവാലയും പങ്കജ് മിത്തലും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണം. മനുഷ്യ, ലൈംഗിക ചൂഷണങ്ങള്‍ കുറ്റകരവും മാനുഷിക വിരുദ്ധവുമാണ്. ഇത് ഇരയുടെ ജീവിക്കാനുള്ള അവകാശത്തെയും വ്യക്തിപരമായ സുരക്ഷയേയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: ലൈംഗിക ചൂഷണത്തിനിരയായവരുടെ പുനരധിവാസത്തിന് നിയമ നിര്‍മ്മാണം; കേന്ദ്രത്തിന്‍റെ പ്രതികരണമാരാഞ്ഞ് സുപ്രീം കോടതി