ന്യൂഡൽഹി: ബോക്‌സിങിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡൽ ജേതാവായ വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ സാന്നിധ്യത്തിലാണ് ബോക്‌സർ ബിജെപിയിൽ ചേർന്നത്. നടിയും നിലവിലെ ബിജെപി എംപിയുമായ ഹേമമാലിനി മത്സരിക്കുന്ന മഥുരയിലെ കോൺഗ്രസ് സ്ഥാനാര്‍ഥിയായി വിജേന്ദര്‍ സിങ്ങിന്‍റെ പേര് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജേന്ദര്‍ സിങ് സൗത്ത് ഡൽഹി നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
2019 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ അഞ്ച് വർഷത്തിന് ശേഷം ഇത് തനിക്ക് ഒരു ഘർവാപ്‌സി (വീട്ടിലേക്കുള്ള മടങ്ങി വരവ്) ആണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ കളിക്കാർക്ക് നൽകിയ ബഹുമാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പാര്‍ട്ടിയിലേക്ക് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിലെ ഖർഗോണിലും ഹരിയാനയിലെ കർണാൽ ജില്ലയിലും നടന്ന ഭാരത് ജോഡോ യാത്ര'യിൽ സിങ് പങ്കെടുത്തിരുന്നു. അന്ന് രാഹുൽ ഗാന്ധിയും വിജേന്ദറും പരസ്‌പരം സംസാരിക്കുകയും മീശ പിരിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഹരിയാനയിലെ മാർച്ചിന് ശേഷം വിജേന്ദർ സിങ്ങും യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. രാഹുൽ ഗാന്ധിയും വിജേന്ദര്‍ സിങ്ങും ക്യാമറയ്ക്ക് മുന്നിൽ മുഷ്‌ടി ചുരുട്ടി പോസ് ചെയ്യുന്ന ഫോട്ടോ 'ഏക് പഞ്ച് നഫ്രത് കെ ഖിലാഫ്' (വിദ്വേഷത്തിനെതിരെ ഒരു പഞ്ച്) എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് റീട്വീറ്റ് ചെയ്‌തിരുന്നു.
ഹരിയാനയില്‍ ആധിപത്യമുള്ള ജാട്ട് സമുദായത്തിൽ നിന്നുള്ള വിജേന്ദർ സിങ്ങിന്‍റെ നീക്കത്തില്‍ പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിലും രാഷ്‌ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം എന്നാണ് വിലയിരുത്തല്‍. ഹരിയാനയിലെ ഭിവാനി ജില്ലക്കാരനായ വിജേന്ദര്‍ സിങ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്ന് മത്സരിച്ച് മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. കോമൺവെൽത്ത് ഗെയിംസിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Also Read :മണിപ്പൂരിൽ ബിജെപിക്ക് വൻ തിരിച്ചടി ; മുൻ എംഎൽഎയടക്കം 4 നേതാക്കൾ കോണ്‍ഗ്രസിൽ